Site iconSite icon Janayugom Online

ബിജെപിക്കുവേണ്ടിയുള്ള കള്ളക്കളിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരം പറയണം: ബിനോയ് വിശ്വം

കര്‍ണാടകയിലും മഹാരാഷ്ട്രയിലുമെല്ലാം ബിജെപിക്കുവേണ്ടി നടത്തിയ കള്ളക്കളിയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരം പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെങ്കില്‍, അദ്ദേഹത്തെ ശിക്ഷിക്കണമെന്നും ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാജിവയ്ക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സിപിഐ തിരുവനന്തപുരം ജില്ലാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ബിജെപിക്കുവേണ്ടി സ്തുതിപാടുന്നവരെ മാത്രം ഉയര്‍ത്തിക്കാട്ടി എല്ലാ സ്ഥാപനങ്ങളെയും അവരുടെ കയ്യിലെ കളിപ്പാവയാക്കുന്നതിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നിലുണ്ടാകുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. വെളിയം ഭാര്‍ഗവന്‍ നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) നടന്ന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ അരുണ്‍ കെ എസ് സ്വാഗതം പറഞ്ഞു. മന്ത്രി ജി ആര്‍ അനില്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. രാഖി രവികുമാര്‍ നന്ദി പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി റെഡ് വോളണ്ടിയര്‍ മാര്‍ച്ചും അരലക്ഷം പേര്‍ പങ്കെടുത്ത ബഹുജനറാലിയും നടന്നു.

പ്രതിനിധി സമ്മേളനം ഇന്നും നാളെയുമായി വഴുതക്കാട് ടാഗോർ തിയേറ്ററിലെ കാനം രാജേന്ദ്രൻ നഗറില്‍ നടക്കും. രാവിലെ 10ന് ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജന്‍, ജി ആർ അനിൽ, ജെ ചിഞ്ചുറാണി, നേതാക്കളായ സത്യൻ മൊകേരി, രാജാജി മാത്യു തോമസ്, കെ ആർ ചന്ദ്രമോഹൻ, സി പി മുരളി തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ 17 മണ്ഡലം സമ്മേളനങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 410 പ്രതിനിധികൾ പങ്കെടുക്കും. നാളെ വൈകിട്ട് സമ്മേളനം സമാപിക്കും. 

Exit mobile version