രാജ്യം ഇനി തെരഞ്ഞെടുപ്പു ചൂടിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറാം, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് കമ്മിഷന്‍ ഇന്നലെ പ്രഖ്യാപിച്ചത്.
രാജസ്ഥാനില്‍ നവംബര്‍ 23 നാണ് വോട്ടെടുപ്പ്. മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 17നും തെലങ്കാനയില്‍ നവംബര്‍ 30നും വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡില്‍ രണ്ടുഘട്ടമായി നവംബര്‍ ഏഴ്, 17 തീയതികളില്‍ നടക്കും. ഡിസംബര്‍ മൂന്നിനാണ് മുഴുവന്‍ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഡിസംബര്‍ അഞ്ചിന് അവസാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലെ 679 മണ്ഡലങ്ങളിലായി 16 കോടിയിലേറെ വോട്ടർമാരാണുള്ളത്. 60.2 ലക്ഷം പേർ കന്നി വോട്ടർമാരാണ്. സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലും വലിയ വർധനവുണ്ട്.
ബിജെപി-എന്‍ഡിഎ ഇതര പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യ മുന്നണി രൂപീകരണത്തിനു ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണിത്. 2024ല്‍ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് രാഷ്ട്രീയവൃത്തങ്ങള്‍ വിലയിരുത്തുന്നത്. സംസ്ഥാന തലത്തില്‍ മുന്നണികള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ദേശീയതലത്തിലും പ്രാദേശിക തലത്തിലും ഇന്ത്യ മുന്നണി സ്വീകരിക്കേണ്ട അടവുനയങ്ങളുടെ വിലയിരുത്തലാകും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം. ഇതിലെ ജയപരാജയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പൊതുതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തിരുത്തല്‍ നടപടികള്‍, പൊതു അജണ്ടകള്‍, പ്രകടന പത്രിക, സ്ഥാനാര്‍ത്ഥി നിര്‍ണയം, പ്രാദേശിക നീക്കു പോക്കുകള്‍ ഉള്‍പ്പെടെ തീരുമാനിക്കുക.
ബിജെപി വോട്ടു ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തുന്നതിനൊപ്പം ബിജെപി ഇതര വോട്ടുകള്‍ ചിതറാതെ സുസജ്ജമായ പ്രതിരോധം സൃഷ്ടിക്കാനും ഇന്ത്യ മുന്നണിക്ക് അസംബ്ലി തെരഞ്ഞെടുപ്പിലെ അവസരം സഹായകമാകും. അതനുസരിച്ചു തന്നെയാകും ബിജെപി മുന്നണിയും തന്ത്രങ്ങള്‍ മെനയുക.
English Summary: Election dates for five states have been announced
You may also like this video