Site icon Janayugom Online

യുപിയില്‍ ബിജെപിക്ക് അടിപതറുന്നു; തെരഞ്ഞെടുപ്പ് മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം

ഒരു മാസത്തോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം. ഉത്തര്‍പ്രദേശിലെ ഏഴാം ഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. മാര്‍ച്ച് പത്തിനാണ് ഫലപ്രഖ്യാപനം. കര്‍ഷകരും യുവജനങ്ങളും കൈവിട്ട ബിജെപിയ്ക്ക് യുപിയിലെ വിജയപ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. ഇത്തവണ ശക്തമായ പോരാട്ടമായിരുന്നു യുപിയിൽ നടന്നത്. പല മണ്ഡലങ്ങളും ചതുഷ്ക്കോണ മത്സരങ്ങള്‍ക്ക് വേദിയായി. ഇക്കാരണത്താല്‍ വിജയസാധ്യതകള്‍ പോലും പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യം പലയിടങ്ങളിലും നിലനില്‍ക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്‌പി നേതാവ് മായാവതി എന്നിവര്‍ അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാന്‍ വാരണാസിയില്‍ എത്തിയിരുന്നു. പതിവുപോലെ വര്‍ഗീയതയുടെ ചുവടുപിടിച്ചായിരുന്നു യുപിയിൽ വീണ്ടും ബിജെപിയുടെ പ്രചാരണങ്ങള്‍. അധികാരം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസം ബിജെപി ആവര്‍ത്തിക്കുമ്പോള്‍ അധികാരം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് സമാജ് വാദി പാര്‍ട്ടി. കോവിഡ് മഹാമാരി കൈകാര്യം ചെയ്ത വിധം, കര്‍ഷക സമരം, ഇന്ധനവില, ക്രമസമാധാനം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ പ്രചാരണ വിഷയമാക്കിയിരുന്നു.

അഞ്ച് ഘട്ട വോട്ടെടുപ്പുകള്‍ പൂര്‍ത്തിയായ വേളയില്‍ തന്നെ എസ്‌പി വിജയം പ്രഖ്യാപിച്ചിരുന്നു. 300ലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് എസ്പിയുടെ അവകാശ വാദം. മുസ്‍ലിം-യാദവ വോട്ടുകള്‍ക്ക് പുറമെ ഇത്തവണ കര്‍ഷകരും ജാട്ടുകളും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയുണ്ട്. ആര്‍എല്‍ഡിയുമായാണ് ഇത്തവണ എസ്പിയുടെ സഖ്യം. അതേസമയം കര്‍ഷകര്‍ക്കും മുസ്‍ലിങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും ഭൂരിപക്ഷമുള്ള കിഴക്കന്‍ യുപിയില്‍ നഷ്ടമാകുന്ന വോട്ടുകള്‍ വാരണാസി ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് മറികടക്കാമെന്ന് ബിജെപി കണക്കൂട്ടുന്നു.

അതേസമയം കോണ്‍ഗ്രസിന് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ കിങ് മേക്കറാകും എന്ന് കോണ്‍ഗ്രസ് അവസാനനിമിഷവും അവകാശപ്പെടുന്നു. എസ്‌പി ക്കോ ബിജെപിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും ഈ വേളയില്‍ കോണ്‍ഗ്രസ് നിര്‍ണായക ശക്തിയാകുമെന്നും മുതിര്‍ന്ന നേതാവായ ഭൂപേഷ് ബാഗേല്‍ പറയുന്നു. ഇത്തരം സാഹചര്യം വന്നാല്‍ അഖിലേഷ് യാദവിനെ പിന്തുണയ്ക്കുമെന്ന സൂചനയും ബാഗേല്‍ നല്‍കി.

2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏഴ് സീറ്റില്‍ മാത്രമായിരുന്നു ജയിക്കാന്‍ സാധിച്ചത്. ബിഎസ്‌പിക്കും വലിയ നേട്ടം അവകാശപ്പെടാന്‍ കഴിയാത്ത സാഹചര്യമാണ്. യുപിക്ക് പുറമെ തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലും കോണ്‍ഗ്രസിന് കാര്യങ്ങൾ അത്ര പ്രതീക്ഷ നൽകുന്നതല്ല. എഎപിയാണ് ഇവിടെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. ഉത്തരാഖണ്ഡിലും ബിജെപിക്ക് അധികാരം നഷ്ടപ്പെടാനുള്ള സാധ്യതകളുണ്ട്. ഗോവയിലും മണിപ്പുരിലും കടുത്ത ഭരണവിരുദ്ധ വികാരം വിലനില്‍ക്കുന്നതും പാര്‍ട്ടിയിലെ പ്രശ്നങ്ങളും ബിജെപിക്ക് വന്‍ തിരിച്ചടികളായി മാറിയേക്കും.

eng­lish summary;Election flag hoist­ed today

you may also like this video;

Exit mobile version