Site iconSite icon Janayugom Online

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ആരംഭിച്ചു

ഇന്ന് മുതല്‍ നെഹ്റു കുടുംബത്തിന് പുറത്തു നിന്നുള്ള ആള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് എത്തും.ഇരുപത്തിനാല് വര്‍ഷത്തിനുശേഷമാണ് കുടുംബത്തിന് പുറത്തുനിന്നുള്ള ഒരു അധ്യക്ഷന്‍ വരുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ തരൂരോ ആരാകും എന്നത് വൈകുന്നേരത്തോടെ അറിയാനാകും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തു മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു.

കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ അധ്യക്ഷസ്ഥാനത്തേക്ക് ആറാം തവണ നടന്ന തിരഞ്ഞെടുപ്പ് തിങ്കളാഴ്ചയാണ് നടന്നത്. ഗാന്ധി കുടുംബത്തിന്റെയും മുതിര്‍ന്ന നേതാക്കളുടെയുമെല്ലാം അനൗദ്യോഗിക പിന്തുണയുള്ള ഖാര്‍ഗെ ജയിക്കാനാണ് സാധ്യത. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കലും ആശയപരമായി നവീകരിക്കലും തിരഞ്ഞെടുപ്പ് ജയിക്കുന്നതുമടക്കമുള്ള വന്‍വെല്ലുവിളികളാണ് പുതിയ അധ്യക്ഷന് മുന്നിലുള്ളത്.

പിസിസി ആസ്ഥാനങ്ങളിലും ഭാരത് ജോഡോ യാത്രയിലുമായി സജ്ജീകരിച്ച 68 പോളിങ് ബൂത്തുകളില്‍നിന്നുള്ള ബാലറ്റ് പെട്ടികള്‍ ചൊവ്വാഴ്ച വൈകീട്ടോടെ എഐസിസി ആസ്ഥാനത്തെത്തിച്ചിരുന്നു. എഐസിസിയിലെ ബാലറ്റുപെട്ടിയും ചേര്‍ത്ത് ഇവ സ്‌ട്രോങ് റൂമില്‍ മുദ്രവെച്ചു. ഇന്ന് രാവിലെ പുറത്തെടുത്ത് എല്ലാ പെട്ടിയിലെയും ബാലറ്റ് പേപ്പറുകള്‍ കൂട്ടിക്കലര്‍ത്തിയിയാണ് എണ്ണല്‍ ആരംഭിക്കുക.

ആകെയുള്ള 9915 വോട്ടര്‍മാരില്‍ 9497 പേരാണ് (95.78 ശതമാനം) വോട്ടുചെയ്തത്. ഇവ കൂട്ടിക്കലര്‍ത്തുന്നതോടെ ഓരോ സംസ്ഥാനത്തും എത്ര പേര്‍ വീതം ഓരോരുത്തര്‍ക്കും വോട്ടുചെയ്തു എന്നു കണ്ടെത്താനാവില്ല. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതോടെ നീണ്ടകാലം പാര്‍ട്ടിയെ നയിച്ച സോണിയ ഗാന്ധിയുടെ പടിയിറക്കം കൂടിയാകും ഇന്നത്തെ ദിനം. 1998 മുതല്‍ 2017 വരെയും അധ്യക്ഷ സ്ഥാനത്തും 2019 മുതല്‍ ഇടക്കാല അധ്യക്ഷ പദവിയിലും തുടര്‍ന്നുവരികയായിരുന്നു സോണിയ.

Eng­lish Summary:

Election of Congress President; Counting of votes has started

You may also like this video:

Exit mobile version