നടപ്പുസാമ്പത്തികവര്‍ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പ്രതിമാസം പണ കൈമാറ്റം ചെയ്യുന്ന പദ്ധതികൾക്കായി (യുസിടി) പന്ത്രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങൾ 1.68 ലക്ഷം കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. വർധിച്ചുവരുന്ന ക്ഷേമ ചെലവുകള്‍ക്കിടയില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക സമ്മർദം ഇത്തരം പദ്ധതികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ചിന്റെ പുതിയ റിപ്പോർട്ട് പറയുന്നു. മൂന്നുവർഷം മുമ്പ് അത്തരം പരിപാടികൾ നടപ്പിലാക്കിയ രണ്ട് സംസ്ഥാനങ്ങളെ മാതൃകയാക്കിയാണ് പഠനം. യുസിടി പദ്ധതികൾ നടപ്പിലാക്കുന്ന 12 സംസ്ഥാനങ്ങളിൽ, ആറ് സംസ്ഥാനങ്ങളില്‍ 2025–26 ൽ വരുമാന കമ്മി കണക്കാക്കിയിട്ടുണ്ട്. അതേസമയം യുസിടി പദ്ധതികൾക്കായുള്ള ചെലവ് ഒഴിവാക്കിയുള്ള വരുമാന കണക്കുകള്‍ ഈ സംസ്ഥാനങ്ങളുടെ സാമ്പത്തിക സൂചകങ്ങളിൽ പുരോഗതി കാണിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമാക്കി പ്രഖ്യാപിക്കുന്ന നേരിട്ടുള്ള ആനുകൂല്യ പദ്ധതികൾ പല സംസ്ഥാനങ്ങളിലും പ്രധാന ക്ഷേമ പദ്ധതികളായി മാറിയിരിക്കുന്നു. ഇത്തരം സംസ്ഥാനങ്ങളുടെ എണ്ണം 2022–23 ലെ രണ്ടില്‍ നിന്ന് 12 സംസ്ഥാനങ്ങളായി വർധിച്ചു. വരുമാന പരിധി, പ്രായപരിധി, മറ്റ് ഘടകങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതികളുടെ പ്രാഥമിക ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക.
അസം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ വനിതാ പദ്ധതികൾക്കുള്ള വിഹിതം മുൻ വർഷത്തെ അപേക്ഷിച്ച് യഥാക്രമം 31% ഉം 15% ഉം വർധിപ്പിച്ചു. തമിഴ്‌നാട്ടിലെ കലൈഞ്ജർ മഗളിർ ഉറിമൈ തോഗൈ, മധ്യപ്രദേശിലെ ലാഡ്‌ലി ബെഹ്‌ന യോജന, കർണാടകയിലെ ഗൃഹ ലക്ഷ്മി എന്നിവ ഇവയില്‍ ഉൾപ്പെടുന്നു, ഇവ ഓരോന്നും സ്ത്രീകൾക്ക് 1,000 മുതൽ 1,500 രൂപ വരെ പ്രതിമാസ സഹായം വാഗ്ദാനം ചെയ്യുന്നു. താഴേത്തട്ടിലുള്ള സ്ത്രീകള്‍ക്ക് ഇത് വലിയ സഹായവുമാണ്. എങ്കിലും ഈ പദ്ധതികൾ സംസ്ഥാന ബജറ്റുകളിൽ സമ്മർദം വർധിപ്പിക്കുന്നുണ്ടെന്നാണ് പിആര്‍എസ് പഠനത്തിലെ വിലയിരുത്തല്‍. യുസിടി ചെലവ് ഒഴിവാക്കിയാൽ കർണാടകയുടെ ജിഎസ്ഡിപി 0.6% വരുമാന കമ്മിയിൽ നിന്ന് 0.3% മിച്ചത്തിലേക്ക് നീങ്ങുമെന്ന് ക്രമീകരിച്ച സാമ്പത്തിക കണക്കുകൾ കാണിക്കുന്നു. അതുപോലെ, മധ്യപ്രദേശിന്റെ മിച്ചം 0.4% ൽ നിന്ന് 1.1% ആയി മെച്ചപ്പെടുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവർക്കുള്ള സബ്‌സിഡികൾ, പണ കൈമാറ്റം എന്നിവയ്‌ക്കായുള്ള ചെലവ് വർധിക്കുന്നത് ഉല്പാദനപരമായ ചെലവുകൾക്കുള്ള സാമ്പത്തിക ഇടം കുറയ്ക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

