Site icon Janayugom Online

തെരഞ്ഞെടുപ്പ് റാലി: വിലക്ക് തുടരും; കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്‌ തെരഞ്ഞെടുപ്പ് കമ്മിഷന്‍

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകള്‍ കുറയാന്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് കൂടുതല്‍ ഇളവുകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹാളിനുള്ളിലും തുറസ്സായ സ്ഥലങ്ങളിലും നടക്കുന്ന പൊതുയോഗങ്ങള്‍ക്കാണ് ഇളവ്. ഹാളിനുള്ളില്‍ നടക്കുന്ന യോഗങ്ങളില്‍ സീറ്റിങ് ശേഷിയുടെ 50 ശതമാനം ആളുകളെയും തുറസ്സായ സ്ഥലങ്ങളില്‍ വിസ്തീര്‍ണം അനുസരിച്ച്‌ 30 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വക്താവ് അറിയിച്ചു. 

അതേസമയം, റോഡ് ഷോ, പദയാത്ര, വാഹന റാലികള്‍ എന്നിവയ്ക്കുള്ള വിലക്ക് തുടരും. വീടുകള്‍തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിന് അനുവദനീയമായ ആളുകളുടെ എണ്ണം 20 തന്നെയാണ്. രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെയുള്ള പ്രചാരണത്തിനും വിലക്കുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കമ്മിഷന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. രാജ്യത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ച്‌ ആരോഗ്യ സെക്രട്ടറി കമ്മിഷനോട് വിശദീകരിച്ചു. 

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൊത്തം കേസുകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലുള്ളത് വളരെ ചെറിയ അനുപാതമാണെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി പത്തിനും മാര്‍ച്ച്‌ ഏഴിനും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച്‌ 10നാണ് ഫല പ്രഖ്യാപനം.

ENGLISH SUMMARY: Elec­tion ral­ly: Ban to con­tin­ue; Elec­tion Com­mis­sion grants fur­ther exemptions
You may also like this video

Exit mobile version