രാജ്യത്തെ വര്‍ധിച്ചു വരുന്ന കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ആസ്ഥാനമായ നിര്‍വ്വാചന്‍ സദനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര തീയതികള്‍ പ്രഖ്യാപിച്ചത്. ഗോവ, മണിപ്പുര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലേക്കുള്ള തീയതികളാണ് കമ്മിഷന്‍ ഇന്നലെ പ്രഖ്യാപിച്ചത്. ഏഴു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പ് ഫെബ്രുവരി പത്തു മുതല്‍ മാര്‍ച്ച് ഏഴുവരെയാണ്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ പഞ്ചാബ് ഒഴികെ ബാക്കി സംസ്ഥാനങ്ങളില്‍ ബിജെപിയാണ് അധികാരത്തിലുള്ളത്.
ദേശീയ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമായ ഉത്തര്‍പ്രദേശിലാണ് ഏഴു ഘട്ടം. ആകെ 403 മണ്ഡലങ്ങള്‍. ജനുവരി 14 മുതല്‍ ഫെബ്രുവരി 10 വരെയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള കാലയളവ് വിവിധ ഘട്ടങ്ങളിലേത് ജനുവരി 21 മുതല്‍ ഫെബ്രുവരി 17 വരെയാണ്. സൂക്ഷ്മ പരിശോധന ജനുവരി 24 മുതല്‍ ഫെബ്രുവരി 18 വരെ നടക്കും. പത്രിക പിന്‍വലിക്കാന്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി 21 വരെയാണ് സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 03, 07 എന്നീ തീയതികളിലാണ് വോട്ടെടുപ്പ്. ഉത്തരാഖണ്ഡില്‍ 70 അസംബ്ലി സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ജനുവരി 21 ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 28. 29ന് സൂഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 31. ഫെബ്രുവരി 14നാണ് സംസ്ഥാനം പോളിങ് ബൂത്തിലെത്തുക.
പഞ്ചാബിലെ 117 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തീയതി ഫെബ്രുവരി 14 ആണ്. ബാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയുടെ തീയതികള്‍ ഉത്തരാഖണ്ഡിന് സമാനമാണ്. ഗോവയിലെ 40 അസംബ്ലി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പഞ്ചാബിനൊപ്പം ഒറ്റഘട്ടമായി ഫെബ്രുവരി 14ന് നടക്കും.
മണിപ്പുരില്‍ ഫെബ്രുവരി 27, മാര്‍ച്ച് 03 തീയതികളില്‍ രണ്ടു ഘട്ടമായി നടക്കും. ഒന്നാം ഘട്ടത്തില്‍ 38, രണ്ടാം ഘട്ടത്തില്‍ 22 മണ്ഡലങ്ങളിലേക്കുമാകും പോളിങ് നടക്കുക. ഫെബ്രുവരി ഒന്നിന് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. തെരഞ്ഞെടുപ്പ് നടപടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടി ഉണ്ടാകുമെന്ന് കമ്മിഷന്റെ വാര്‍ത്താ കുറിപ്പില്‍ അടിവരയിടുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മുന്‍ഗണനാ വിഭാഗമായി പരിഗണിച്ച് അര്‍ഹരായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്റെ അധിക ഡോസ് നല്‍കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 18,34,23,364 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 13 ലക്ഷത്തിലധികം പേര്‍ ഭിന്നശേഷിക്കാരാണ്. ഇവര്‍ക്കായി വീല്‍ച്ചെയര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും പോളിങ്ങ് സ്‌റ്റേഷനുകളില്‍ സജീകരിക്കുമെന്നും സി ഇ സി സുശീല്‍ ചന്ദ്ര വ്യക്തമാക്കി.
30,330 അധിക ബൂത്തുകള്‍
അഞ്ച് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1,85,038 പോളിങ്ങ് സ്‌റ്റേഷനുകളില്‍ ഉണ്ടായിരുന്നത് കോവിഡ് പശ്ചാത്തലത്തില്‍ 2,15,368 ആയി ഉയര്‍ത്തി. ഭിന്നശേഷിക്കാര്‍ക്കും എണ്‍പത് വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും അവശ്യ സേവനങ്ങളില്‍ വിന്യസിച്ചിരിക്കുന്നവര്‍ക്കും കോവിഡ് ബാധിതര്‍ക്കും കോവിഡ് സംശയിക്കുന്നവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സംവിധാനം കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് വിഭാഗത്തിനും മുതിര്‍ന്ന പൗരന്മാര്‍ക്കും ആവശ്യമെങ്കില്‍ പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ്ങ് യന്ത്രവുമായി അവരുടെ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്താനും അവസരം ഒരുക്കിയിട്ടുണ്ട്. സ്ത്രീകളും ഭിന്നശേഷിക്കാരും മാത്രം ഉദ്യോഗസ്ഥരായി എത്തുന്ന പോളിങ് സ്‌റ്റേഷനുകളും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള പുതിയ സംവിധാനം പ്രയോജനപ്പെടുത്തി ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
ENGLISH SUMMARY:Elections announced in five states
You may also like this video