Site iconSite icon Janayugom Online

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; ജനമനസുകളില്‍ സ്ഥാനമുറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

തദ്ദേശ തെരഞ്ഞെടുപ്പിന് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജനമനസുകളില്‍ സ്ഥാനമുറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒമ്പതര വര്‍ഷക്കാലമായി നടപ്പിലാക്കുന്ന സമാനതകളില്ലാത്ത വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ കരുത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്നേറുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സ്നേഹോഷ്മള സ്വീകരണമാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. അതിദാരിദ്ര്യനിര്‍മ്മാര്‍ജനവും ലൈഫ് മിഷനും ക്ഷേമ പെന്‍ഷനും പട്ടയവിതരണവും സ്ത്രീസുരക്ഷാ പദ്ധതികളുമുള്‍പ്പെടെ, സര്‍ക്കാരിന്റെ ഇടപെടല്‍ അനുഭവിച്ചറിയാത്ത ഒരു കുടുംബവും കേരളത്തിലുണ്ടാകില്ലെന്നത് എല്‍ഡിഎഫിന് കൂടുതല്‍ കരുത്തേകുന്നു. ദേശീയപാത വികസനവും തീരദേശ‑മലയോര പാതകളുമുള്‍പ്പെടെ കേരളത്തിലെ സമഗ്ര വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ കണ്‍മുന്നിലുണ്ട്.

വിദ്യാര്‍ത്ഥികളും യുവജനങ്ങളും സ്‌ത്രീകളും മുതിർന്നവരും പ്രൊഫഷണലുകളും വിവിധ മേഖലകളിൽനിന്ന്‌ വിരമിച്ച്‌ സർവീസ്‌ കാലത്തെ അനുഭവം പ്രദേശത്തിന്റെ വികസനത്തിന്‌ ഉപയോഗിക്കാൻ കഴിയുന്നവരുമെല്ലാമാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിരയിലുള്ളത്. കുടുംബശ്രീ പ്രവര്‍ത്തകരും ആശമാരും ഹരിതകര്‍മ്മസേനാംഗങ്ങളും, തൊഴിലുറപ്പ് തൊഴിലാളികളുമെല്ലാം ജനങ്ങളുടെ പ്രിയപ്പെട്ടവരാണ്. ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പ്രചരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും എല്‍ഡിഎഫ് ബഹുദൂരം മുന്നിലാണ്. പഞ്ചായത്തുകളിലും നഗരസഭകളിലുമെല്ലാം വാര്‍ഡ്, ബൂത്ത് കണ്‍വെന്‍ഷനുകളും സ്ഥാനാര്‍ത്ഥിയുടെ വീടുകള്‍ കയറിയുള്ള വോട്ടഭ്യര്‍ത്ഥനയും പൂര്‍ത്തിയാക്കി നേരത്തെ തന്നെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളിലേക്ക് എല്‍ഡിഎഫ് കടന്നു. ബൂത്ത് അടിസ്ഥാനത്തില്‍ നിരവധി കുടുംബയോഗങ്ങളാണ് ഓരോയിടത്തും നടന്നുകൊണ്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ പൊതുപര്യടനം ഭൂരിഭാഗം സ്ഥലങ്ങളിലും ആരംഭിച്ചുകഴിഞ്ഞു. പ്രചരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ജനങ്ങളില്‍ നിന്ന് ലഭിച്ച ഉജ്വല വരവേല്‍പ്പ് ജനമനസുകളില്‍ എല്‍ഡിഎഫ് മാത്രമെന്നതിന്റെ നേര്‍സാക്ഷ്യമാകുന്നു.

Exit mobile version