രാജ്യത്ത് നിലവിലുള്ള തെരഞ്ഞെടുപ്പ് രീതി പരിഷ്കരിക്കണമെന്ന് എഐവൈഎഫ് ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായാണ് ഇന്ത്യയെ കണക്കാക്കുന്നത്. ബഹു സാംസ്കാരികമായ നമ്മുടെ സമൂഹം സങ്കീര്‍ണ യാഥാര്‍ത്ഥ്യങ്ങളുള്ള വൈവിധ്യങ്ങളുടേതുമാണ്. ഇതുപോലെ വിഭിന്നമായൊരു സമൂഹത്തില്‍ നിയമസംവിധാനങ്ങളും വ്യവസ്ഥിതിയും ഭരണവും ഒരുപോലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിധത്തിലായിരിക്കണം. കാലാനുസൃതമായി മാറ്റങ്ങള്‍ക്ക് വിധേയവുമായിരിക്കണം. ഈ പശ്ചാത്തലത്തില്‍ രാജ്യത്ത് സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കരണം അനിവാര്യമായിരിക്കുകയാണ്. ജനാധിപത്യ പങ്കാളിത്തത്തിന്റെ അനിവാര്യമായ ഘടകം എന്ന നിലയിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ നിലകൊള്ളുന്നത്. അഴിമതിയും അക്രമങ്ങളും വര്‍ഗീയതയും ജാതീയതയും ഇല്ലാതാക്കുകയും പൂര്‍ണാര്‍ത്ഥത്തില്‍ പങ്കാളിത്തവും ഉള്‍ച്ചേര്‍ക്കലും ഉറപ്പാക്കുന്ന വിധം ജനാധിപത്യസംവിധാനത്തെ മാറ്റുകയും ചെയ്യുന്ന വിധത്തിലുള്ള പരിഷ്കരണമാണ് ഇപ്പോഴത്തെ സുപ്രധാനമായ ആവശ്യം. അതുകൊണ്ട് നിലവിലുള്ള കൂടുതല്‍ വോട്ട് നേടുന്നവര്‍ ജയിക്കുക എന്ന രീതി മാറ്റി ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം നടപ്പിലാക്കണം. കൂടുതല്‍ വോട്ട് നേടുന്നവര്‍ അതാത് മണ്ഡലങ്ങളില്‍ വിജയിക്കുന്ന ഇപ്പോഴത്തെ സമ്പ്രദായം ബ്രിട്ടീഷ് കാലത്ത് സ്ഥാപിതമായതാണ്. ലോകത്തെ നിരവധി രാജ്യങ്ങള്‍ പങ്കാളിത്ത ജനാധിപത്യരീതിയും മറ്റുമാണ് അവലംബിക്കുന്നത്. നിലവിലുള്ള സമ്പ്രദായത്തിന്റെ പോരായ്മകള്‍ വിവരിച്ചുകൊണ്ട് 1999ല്‍ കേന്ദ്ര നിയമ കമ്മിഷന്‍ ആനുപാതിക പ്രാതിനിധ്യം അതിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നതാണ്. ഇന്ദ്രജിത് ഗുപ്തയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സമിതി സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് പ്രയോഗതലത്തില്‍ കൊണ്ടുവരുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച നിര്‍ദേശങ്ങളും ഇലക്ടറല്‍ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള കോര്‍പറേറ്റുകളുടെ സംഭാവനകളും നിരോധിക്കണമെന്നുമുള്ള ആവശ്യവും പ്രസ്തുത സമിതി സമര്‍പ്പിച്ചിരുന്നതാണ്. രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് വിജയത്തിനും ജാതിയുടെയും മതത്തിന്റെയും ദുരുപയോഗം ഇല്ലാതാക്കുന്നതിനുള്ള നിയമഭേദഗതികളും അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്.
കര്‍ഷക സമരത്തിന്റെ ഐതിഹാസിക വിജയം
ചരിത്രത്തിലെ തന്നെ അസാധാരണമായ കര്‍ഷക പ്രക്ഷോഭത്തിനാണ് സമീപകാലത്ത് രാജ്യം സാക്ഷ്യം വഹിച്ചത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കീഴില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്ത യോജിച്ച പോരാട്ടമാണ് ഡല്‍ഹി അതിര്‍ത്തികളില്‍ നടന്നത്. 2020 നവംബര്‍ മുതല്‍ 2021 ഡിസംബര്‍ പത്തുവരെ നീണ്ട പ്രക്ഷോഭത്തില്‍ ആകെ ലക്ഷക്കണക്കിനു കര്‍ഷകരാണ് പങ്കെടുത്തത്. കൂടാതെ കോടിക്കണക്കിന് കര്‍ഷകരും ബഹുജനങ്ങളും സംയുക്ത കിസാന്‍ മോര്‍ച്ചയും മറ്റും സമയാസമയങ്ങളില്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി അണിനിരന്നു. ഗ്രാമീണ മേഖലയില്‍ നിന്നുള്ള യുവാക്കളുടെ വന്‍പങ്കാളിത്തമാണ് പ്രക്ഷോഭത്തിന്റെ ശ്രദ്ധേയമായ പ്രത്യേകത. വര്‍ധിത വീര്യത്തോടെയും എന്തിനുവേണ്ടിയാണ് പോരാട്ടമെന്ന വ്യക്തമായ ബോധ്യത്തോടെയുമാണ് കര്‍ഷക കുടുംബങ്ങളിലെ യുവതീയുവാക്കള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. നിശ്ചയദാര്‍ഢ്യത്തോടെ പ്രക്ഷോഭം ഇത്രയും നാള്‍ മുന്നോട്ടുകൊണ്ടുപോയതില്‍ യുവാക്കളുടെ പങ്കാളിത്തം നിര്‍ണായകമായി. വരുന്നതുവരട്ടെ, വിജയമല്ലാതെ മറ്റൊന്നില്ല എന്ന ധാരണയോടെ തന്നെയാണ് അവര്‍ സമരത്തില്‍ നിലകൊണ്ടത്. വിപുലമായ പങ്കാളിത്തവും കൂട്ടായ്മയും സമരത്തിന്റെ ദൈര്‍ഘ്യവും സമാധാനപരവും ജനാധിപത്യപരവുമായ നടത്തിപ്പുമാണ് പ്രക്ഷോഭത്തെ ധീരവും ചരിത്രപരവുമാക്കിയത്. കേന്ദ്രത്തിലും ഹരിയാന, യുപി പോലുള്ള സംസ്ഥാനങ്ങളിലും ഭരണം നടത്തുന്ന സര്‍ക്കാരുകളുടെയും പിണിയാളുകളുടെയും പദ്ധതികളും പ്രകോപനങ്ങളും വകവയ്ക്കാതെ തൊഴിലാളികള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, മഹിളകള്‍ എന്നിങ്ങനെയുള്ള ബഹുജനസംഘടനകളുടെയും പൊതുസമൂഹത്തിന്റെ ആകെയും പിന്തുണ ആര്‍ജിച്ചാണ് പ്രക്ഷോഭം മുന്നോട്ടുപോയത്. രാജ്യമാകെ ഈ പ്രക്ഷോഭത്തിന്റെ പിന്നില്‍ അണിനിരന്നപ്പോള്‍ എഐവൈഎഫിന്റെ വിവിധ ഘടകങ്ങളും അതിന്റെ ഭാഗമാവുകയുണ്ടായി. വിസ്മയത്തോടെയും ആവേശത്തോടെയുമാണ് ലോകമാകെ ഈ പ്രക്ഷോഭത്തെ ഉറ്റുനോക്കിയത്. കര്‍ഷകരെ ഡല്‍ഹിയിലേയ്ക്ക് പ്രവേശിപ്പിക്കാത്തതിനാല്‍ ആയിരക്കണക്കിന് സ്ത്രീകളുള്‍പ്പെടെയുള്ള പ്രക്ഷോഭകര്‍ സിംഘുവിലും ടിക്രിയിലും ഗാസിപ്പൂരിലും പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. സമാനമായി രാജസ്ഥാന്‍ — ഹരിയാന അതിര്‍ത്തിലെ ഷാജഹാന്‍പൂരിലും പല്‍വാലിലും കര്‍ഷകരെ ഹരിയാന സര്‍ക്കാര്‍ തടഞ്ഞു.
ഇതുകൂടി വായിക്കാം; വികേന്ദ്രീകൃത ജനാധിപത്യവും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും
മറ്റു പല പ്രദേശങ്ങളിലും കര്‍ഷകര്‍ ഒരുവര്‍ഷത്തിലധികം കാലം നിലയുറപ്പിച്ചു. പ്രക്ഷോഭത്തെ തകര്‍ക്കുന്നതിന് അസാധാരണമായ നടപടികളാണ് സര്‍ക്കാരുകള്‍ സ്വീകരിച്ചത്. റോഡുകളില്‍ കുഴികളുണ്ടാക്കി. വിവിധ കേന്ദ്രങ്ങളില്‍ കൂര്‍ത്ത മുള്ളുകളുള്ള ഇരുമ്പ് വേലികള്‍ സ്ഥാപിച്ചു. റോഡുകളില്‍ സിമന്റ് മതിലുകളും പണിതു. ആയിരക്കണക്കിന് പൊലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ശത്രുസൈന്യം ഡല്‍ഹിയെ ആക്രമിക്കുവാന്‍ വരുന്നുവെന്നതുപോലെ നിരീക്ഷണത്തിനായി ഡ്രോണുകള്‍ ആകാശത്തു പറന്നുനടന്നു. കേന്ദ്ര — യുപി, ഹരിയാന സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ അതിക്രമങ്ങളെയും അവഹേളനങ്ങളെയും ദ്രോഹങ്ങളെയും കര്‍ഷകര്‍ അഭിമുഖീകരിച്ചു. അതിനുമപ്പുറം 2021 ഒക്ടോബര്‍ മൂന്നിന് ആസൂത്രിതമായി ആവിഷ്കരിച്ച ലഖിംപുര്‍ ഖേരിയിലെ കൂട്ടക്കൊലയുമുണ്ടായി. മോഡിസര്‍ക്കാരിലെ ഒരു മന്ത്രിതന്നെ ഈ സംഭവത്തില്‍ കുറ്റാരോപിതനായി. അസ്ഥി മരവിപ്പിക്കുന്ന തണുപ്പും കടുത്ത വേനലും നിര്‍ത്താതെ പെയ്ത മഴയും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥകളും അതിജീവിച്ചാണ് കര്‍ഷകരുടെ ഐതിഹാസിക വിജയമുണ്ടായത്. എഐവൈഎഫ് ദേശീയ സമ്മേളനം ഇത്തരമൊരു സമരത്തെ വിജയ തീരത്തെത്തിച്ച കര്‍ഷകര്‍ക്ക് അഭിവാദ്യവും രക്തസാക്ഷികളുടെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികളും നേര്‍ന്നു.
തൊഴിലില്ലായ്മക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുക
രാജ്യം അഭിമുഖീകരിക്കുന്ന അനിതരസാധാരണമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പ്രക്ഷോഭത്തിനിറങ്ങുവാന്‍ ദേശീയ സമ്മേളനം ആഹ്വാനം ചെയ്തു. അഭ്യസ്തവിദ്യരായ യുവാക്കളെ നിരാശരും ഉല്‍ക്കണ്ഠാകുലരുമാക്കുന്ന വിധം കുതിച്ചുയരുകയാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. പുതിയ തൊഴിലവസരങ്ങള്‍ ഒന്നുപോലും സൃഷ്ടിക്കപ്പെടാതിരിക്കുമ്പോഴും ഓരോ മാസവും ലക്ഷക്കണക്കിന് പേരാണ് പുതിയതായി തൊഴിലില്ലാ പടയിലേയ്ക്ക് എത്തിച്ചേരുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതില്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായിട്ടുള്ളത്. തൊഴിലില്ലായ്മാ നിരക്ക് ഉയരുന്നതുപോലെതന്നെ തൊഴിലുള്ളവര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കുന്നതും വര്‍ധിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറില്‍ തൊഴിലില്ലായ്മാ നിരക്ക് നാലുമാസത്തെ ഏറ്റവും കൂടിയ നിരക്കിലെത്തി, 7.91 ശതമാനമായി. നഗര തൊഴിലില്ലായ്മാ നിരക്ക് ആ മാസം ഒമ്പതു ശതമാനമായി. മുന്‍മാസം 8.2 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 6.44 ല്‍ നിന്ന് 7.3 ശതമാനമായി വര്‍ധിച്ചു. ശമ്പളക്കാരുടെ എണ്ണം 2019–20ല്‍ ആകെ തൊഴിലുള്ളവരുടെ 21.2 ശതമാനമായിരുന്നുവെങ്കില്‍ കഴിഞ്ഞ ഡിസംബറില്‍ 19 ശതമാനമായി കുറയുകയാണുണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉല്പാദന മേഖലയില്‍ മാത്രം 98 ലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായി. കൂടാതെ സേവന മേഖലയില്‍ 80, വിദ്യാഭ്യാസ മേഖലയില്‍ 40 ലക്ഷം തൊഴിലവസരങ്ങളും ഇല്ലാതായി. നിര്‍മ്മാണ മേഖലയിലെ തൊഴില്‍ നഷ്ടം 38 ലക്ഷമാണ്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്നുമാത്രമല്ല ഉള്ളവ കൂടി നഷ്ടപ്പെടുന്നത് വലിയസാമൂഹ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക്. ഈ സാഹചര്യത്തില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ആരോഗ്യപരിപാലന രംഗത്തെ അസന്തുലിതാവസ്ഥ
ഉല്‍ക്കണ്ഠാകുലമായ അസന്തുലിതാവസ്ഥയാണ് രാജ്യത്തെ ജനങ്ങള്‍ നേരിടുന്നത്. കോവിഡ് 19 കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടുന്നതുമായിരുന്നു. ഇക്കാലത്ത് ആവശ്യമായിവന്ന അടിയന്തര ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുകയെന്നത് സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. പരിമിതമായി ലഭ്യമായിരുന്ന ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും സ്വകാര്യ മേഖലയിലേയ്ക്ക് തിരിച്ചുവിടുന്ന സമീപനവും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടു. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി പൊതുപണം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്കുന്നതായിരുന്നു. മറ്റ് പൊതു — സ്വകാര്യ പങ്കാളിത്ത പദ്ധതികളും സ്വകാര്യ ആരോഗ്യ മേഖലയ്ക്കാണ് ഗുണം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ പൊതു ജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകണം. കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ് കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യമേഖലാ പ്രീണനം തുറന്നുകാട്ടിയതാണ്. കോടതിക്കുപോലും ഇടപെടേണ്ടിവന്നു. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട ആരോഗ്യ പരിപാലന സംവിധാനം ഉറപ്പാക്കുന്നതിന് മതിയായ ബജറ്റ് വിഹിതവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണം. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്.