Site icon Janayugom Online

തെരഞ്ഞെടുപ്പ് പരിഷ്കരണം: ആനുപാതിക പ്രാതിനിധ്യ രീതി വേണമെന്ന് ആവശ്യം ഉയരുന്നു

election

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ഇന്ത്യയിലെ തെരഞ്ഞടുപ്പുകളില്‍ ആനുപാതിക പ്രാതിനിധ്യ രീതി കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു.

403 അംഗങ്ങളുള്ള നിയമസഭയില്‍ 255 സീറ്റ് നേടിയാണ് ബിജെപി ഭരണം നിലനിര്‍ത്തിയത്. പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിക്ക് 111 സീറ്റുകള്‍ ലഭിച്ചു. എന്നാല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയാണ്. ഒരു സീറ്റ് മാത്രമാണ് ബിഎസ്‌പിക്ക് നേടാന്‍ കഴിഞ്ഞത്.

എന്നാല്‍ വോട്ട് വിഹിതം പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് എസ്‌പിയാണ്. 2012ല്‍ 224 സീറ്റുകള്‍ നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി എസ്‌‌പി അധികാരത്തില്‍ എത്തിയപ്പോള്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതം വെറും 29.15 ശതമാനം മാത്രമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ അത് 32.1 ശതമാനമായി ഉയര്‍ന്നുവെങ്കിലും 111 സീറ്റുകളാണ് ലഭിച്ചത്.

ബിജെപിയുടെ വോട്ട് വിഹിതത്തില്‍ 1.63 ശതമാനം വര്‍ധനവ് ഉണ്ടായി. എന്നാല്‍ സീറ്റുകളുടെ എണ്ണം 312ല്‍ നിന്ന് 255 ആയി ചുരുങ്ങുകയാണ് ഉണ്ടായത്. ഈ തെരഞ്ഞെടുപ്പില്‍ ബിഎസ്‌പിയുടെ വോട്ട് വിഹിതം 12.9 ശതമാനം മാത്രമാണ്. 2012ല്‍ ഇത് 25.91 ശതമാനവും 2017ല്‍ 22.23 ശതമാനവും ആയിരുന്നു.

2012ല്‍ എസ്‌പിക്ക് 29.15 ശതമാനം വോട്ട് വിഹിതം ലഭിച്ചപ്പോള്‍ 2017ല്‍ ഇത് 21.82 ശതമാനമായി കുറഞ്ഞു. വോട്ട് വിഹിതത്തില്‍ എട്ട് ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായതെങ്കിലും സീറ്റുകളുടെ എണ്ണം 224ല്‍ നിന്നും 49 ആയി കുറഞ്ഞു.

2012ല്‍ ആകെ വോട്ടിന്റെ 11.63 ശതമാനമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 28 സീറ്റുകളില്‍ വിജയിച്ചു. 2017ല്‍ വോട്ട് വിഹിതം 6.25 ശതമാനമായി ചുരുങ്ങുകയും സീറ്റുകള്‍ ഏഴില്‍ ഒതുങ്ങുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം 2.3 ശതമാനമായി കുറഞ്ഞു. രണ്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്.

ഈ പൊരുത്തക്കേടിന് കാരണം ഇന്ത്യ പിന്തുടരുന്ന ‘ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ് സിസ്റ്റം’ (എഫ്‌പിടിപി)യുടെ സ്വഭാവം മൂലമാണ്. ഇത് പ്രകാരം ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ത്ഥി വിജയിക്കുന്നു. എഫ്‌പിടിപി രീതി നേരത്തെയും ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്കോ അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിക്കോ കിട്ടുന്ന വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ വിജയിയെ നിര്‍ണയിക്കുന്ന ആനുപാതിക പ്രാതിനിധ്യ രീതി കൊണ്ടുവരണമെന്നാണ് പൊതുവില്‍ ഉയര്‍ന്നുവരുന്ന ആവശ്യം.

Eng­lish Sum­ma­ry: Elec­toral Reform: There is a grow­ing demand for pro­por­tion­al representation

You may like this video also

Exit mobile version