Site iconSite icon Janayugom Online

വോട്ടര്‍പട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയത് ഗുരുതര നിയമലംഘനം

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയത് ഗുരുതരമായ നിയമ ലംഘനം. വോട്ടര്‍മാരുടെ ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കിയ കമ്മിഷന്‍ തീരുമാനം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെ, എട്ടോളം നിയമങ്ങള്‍ ലംഘിച്ചാണ് കമ്മിഷന്‍ പട്ടിക പുതുക്കല്‍ നടത്തിയതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമം സെക്ഷന്‍ ബി മൂന്ന് അനുസരിച്ച് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബിഎല്‍ഒ) വീടുതോറും സന്ദര്‍ശനം നടത്തിയാണ് വോട്ടര്‍ പട്ടികയില്‍ പേര് കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലും പൂര്‍ത്തിയാക്കേണ്ടത്. ഇത് ബിഹാറില്‍ പാലിച്ചില്ല. അസാധ്യമെന്ന് ചൂണ്ടിക്കാട്ടി ബിഎല്‍ഒമാര്‍ ഇത് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഓരോ വോട്ടര്‍ക്കും എന്യുമറേഷന്‍ ഫോം അഥവാ എണ്ണല്‍ ഫോം ഡ്യൂപ്ലിക്കേറ്റ് ലഭ്യമാക്കണമെന്ന വ്യവസ്ഥ കമ്മിഷന്‍ ലംഘിച്ചു. സംസ്ഥാനത്ത് കേവലം ആറ് ശതമാനം സമ്മതിദായകര്‍ക്ക് മാത്രമാണ് എണ്ണല്‍ഫോം വിതരണം ചെയ്തത്. 

ഫോമിന്റെ പകര്‍പ്പില്‍ ബിഎല്‍ഒമാര്‍ അംഗീകാര രസീത് നല്‍കണമെന്ന വ്യവസ്ഥയും പാലിച്ചില്ല. ഇതിന്റെ ഫലമായി വോട്ടര്‍മാര്‍ക്ക് രസീത് നിഷേധിക്കപ്പെട്ടു. വോട്ടര്‍ക്ക് സമ്മതിദാനാവകാശത്തിന് യോഗ്യതയുണ്ടെന്ന് തെളിയിക്കുന്ന 11 അംഗീകൃത രേഖകളുടെ പട്ടിക കമ്മിഷന്‍ പൂഴ്ത്തിവച്ചു. അംഗീകൃത പട്ടികയില്‍ ഇല്ലാത്ത ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഫോം പൂരിപ്പിക്കുന്നതിന് ബിഎല്‍ഒമാര്‍ വോട്ടര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കണമെന്ന വ്യവസ്ഥയും ബിഹാറില്‍ പാലിച്ചില്ല. ഇത് ആധാര്‍ കാര്‍ഡ് മാത്രം രേഖയായി മതിയെന്ന് പൗരന്മാര്‍ തെറ്റായി വിശ്വസിക്കാന്‍ ഇടയാക്കി. ബിഎല്‍ഒമാര്‍ ഇസിഐ നെറ്റ് ആപ്പ് വഴി അറ്റാച്ച് ചെയ്ത രേഖകള്‍ക്കൊപ്പം പരിശോധിച്ചുറപ്പിച്ച ഫോമുകള്‍ അപ്‌ലോഡ് ചെയ്യണമെന്ന നിയമം ലംഘിക്കപ്പെട്ടു. രേഖകള്‍ ഉള്‍പ്പെടുത്തിയോ, ഒപ്പുകള്‍ ഉണ്ടോ, ഫോം പൂര്‍ണമായി പൂരിപ്പിച്ചിട്ടുണ്ടോ തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയ ദുര്‍ബല ജനവിഭാഗങ്ങളെ ഉപദ്രവിക്കുന്ന തരത്തിലാകരുതെന്ന നിര്‍ദേശവും ലംഘിക്കപ്പെട്ടു. ദളിതര്‍, സ്ത്രീകള്‍, ആദിവാസി- ഗോത്ര സമൂഹങ്ങള്‍ എന്നിവരെ ദ്രോഹിക്കുന്ന തരത്തിലേക്ക് വോട്ടര്‍പട്ടിക പരിഷ്കരണം പരിണമിച്ചു. 

സംശയാസ്പദമായ കേസുകള്‍ തിരിച്ചറിയുന്നതിനായി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ (ഇആര്‍ഒ) രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചില്ല. ഇത് യോഗ്യരായവര്‍ക്കും അയോഗ്യരായവര്‍ക്കും സമ്മതിദാന അവകാശം നിഷേധിക്കുന്നതിലേക്ക് നയിച്ചു. വിവരങ്ങളുടെ പൊതുവ്യാപനം ഉറപ്പാക്കുകയും സുതാര്യത നിലനിര്‍ത്തുകയും ചെയ്യണമെന്ന വ്യവസ്ഥയും പാലിച്ചില്ല. ഇത് രേഖകള്‍ പരസ്യമാകുന്നതിന് വിഘാതം സൃഷ്ടിച്ചു. 

Exit mobile version