Site icon Janayugom Online

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിച്ച് റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധനവില്ല. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്ക് അടുത്ത വർഷം ജൂൺ 30 വരെ നിലനിൽക്കും. 50 യൂണിറ്റ് വരെയുള്ളവർക്ക് നിലവിലുള്ള 3.95 രൂപയിൽ നിന്ന് 4.5 രൂപയായി വർധിക്കും. 51 ന് മുകളിൽ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101 മുതൽ 150 യൂണിറ്റ് വരെ 15 പൈസയുടെയും 200 യൂണിറ്റ് വരെയുള്ളവർക്ക് 20 പൈസയുമാണ് യൂണിറ്റിന് വർധിക്കുക.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെയും ലോടെൻഷൻ‑ഹൈടെൻഷൻ ഉപയോക്താക്കളെയും നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആയിരം വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളിൽ അർബുദ രോഗികളോ അംഗവൈകല്യമുള്ളവരോ ഉണ്ടെങ്കിൽ നിരക്ക് വർധനവുണ്ടാകില്ല. എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ നിരക്കും തുടരും. പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയവയ്ക്കുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫ് ആനുകൂല്യം 2000 വാട്ട് വരെ ലഭ്യമാകും. ഏകദേശം 5.9 ലക്ഷം ഉപഭോക്താക്കൾക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകും.

പത്ത് കിലോവാട്ട് വരെ കണക്ടഡ് ലോഡുള്ള അരിമില്ലുകൾ, തയ്യൽ ജോലി ചെയ്യുന്നവർ തുടങ്ങിയ ചെറുകിട സംരംഭകർക്കുള്ള ആനുകൂല്യങ്ങൾ തുടരും. ഇവർക്ക് എനർജി ചാർജിലും വർധനവുണ്ടാകില്ല. എൽബിഎസ്, ഐഎച്ച്ആർഡി, കേപ്പ് തുടങ്ങിയവയുടെ താരിഫ് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിരക്കിലേക്ക് മാറ്റി. വ്യവസായ സ്ഥാപനങ്ങളടെ താരിഫ് വർധന പരമാവധി ഒന്നര മുതൽ മൂന്ന് ശതമാനം വരെയായി നിജപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, ആശുപത്രികൾ, സർക്കാർ ഓഫിസുകൾ തുടങ്ങിയവയ്ക്ക് എനർജി ചാർജിൽ വർധനവുണ്ടാകില്ല. ഫിക്സഡ് ചാർജിൽ മാത്രമാണ് ചെറിയ വർധന.

Eng­lish Sum­ma­ry: elec­tric­i­ty rate in the ker­ala has been increased
You may also like this video

Exit mobile version