സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറിയ വർധന വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും കഴിഞ്ഞ ദിവസങ്ങളിൽ പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോൾ അവരാണ് വില നിശ്ചയ്ക്കുന്നത്. ഇതിന് ആനുപാതികമായി നിരക്ക് വർധിപ്പിക്കേണ്ടിവരും. വില വർധന തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്. വലിയ വർധനവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കാറ്റാടി വൈദ്യുതി പദ്ധതിയുടെ ഭാഗമായി രാമക്കൽമേട്, പുഷ്പ്പക്കണ്ടം, അണക്കരമെട്ട് എന്നിവിടങ്ങളിൽ സ്ഥാപിച്ച പുതിയ അഞ്ച് കാറ്റാടി യന്ത്രങ്ങളുടെ ഉദ്ഘാടനവും രണ്ടാംഘട്ട പദ്ധതിയുടെ തറക്കല്ലിടലും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനായി നിലവിലുള്ള പ്രസരണ ശേഷി വർധിപ്പിക്കുന്നതിനാണ് കാറ്റാടി വൈദ്യുതി പദ്ധതി നടപ്പിലാക്കുന്നത്. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് 534.5 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികൾ സംസ്ഥാനത്ത് പൂർത്തിയാക്കിയിട്ടുണ്ട്. 100 മെഗാവാട്ട് അധിക വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന രണ്ട് ജലവൈദ്യുത പദ്ധതികൾ കൂടി ഈ വർഷം പൂർത്തിയാകും. 1569 മെഗാ വോട്ട് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന ഇടുക്കി സുവർണ്ണ ജൂബിലി പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഇതുവരെ വൈദ്യുതി ലഭിക്കാത്ത വനാന്തരങ്ങളിലെ എല്ലാ ആദിവാസി ഊരുകളിലും വീടുകളിലും ഈ സാമ്പത്തിക വർഷം തന്നെ വൈദ്യുതി എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
English Summary: Minister Krishnankutty said that electricity rates will have to increase further
You may also like this video