Site iconSite icon Janayugom Online

വൈദ്യുതി നിരക്ക് പരിഷ്ക്കരണം; വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തി

വൈദ്യുതി ഉപഭോക്താക്കളുടെ മേൽ അമിതിഭാരം അടിച്ചേൽപ്പിക്കുന്നതിന് പകരം കെ എസ് ഇ ബിയുടെ ചെലവ് ചുരുക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനമുള്ള മാർഗങ്ങൾ തേടണമെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പിൽ ആവശ്യം. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ ഉടമസ്ഥതയിലുള്ള അണക്കെട്ടുകൾ വിനോദസഞ്ചാരത്തിനായി തുറന്നു കൊടുക്കുക, കെഎസ്ഇബി ഗസ്റ്റ് ഹൗസുകളിലെയും ഐബികളിലെയും മുറികൾ പൊതുജനങ്ങൾക്ക് വാടകയ്ക്ക് നൽകുക, ജീവനക്കാരുടെ ശമ്പളം പുനക്രമീകരിക്കുക, അനാവശ്യ തസ്തികകൾ ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും യോഗത്തിലുയർന്നുവന്നു.
2024 ജൂലൈ ഒന്നു മുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമർപ്പിച്ച ശുപാർശകളിൻമേലാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തിയത്. കമ്മീഷൻ ചെയർമാൻ ടി കെ ജോസിന്റെ നേതൃത്വത്തിൽ നടന്ന ഹിയറിംഗിൽ ടെക്നിക്കൽ മെംബർ ബി പ്രദീപ്, ലീഗൽ മെംബർ അഡ്വ. എ ജെ വിൽസൺ എന്നിവരും പങ്കെടുത്തു.

 

വിവിധ രാഷ്ട്രീയ, വ്യാപാര, വ്യവസായ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ കമ്മീഷൻ മുമ്പാകെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിച്ചു. നിലവിൽ മേഖലാ തലങ്ങളിൽ മാത്രം നടന്നുവരുന്ന തെളിവെടുപ്പുകൾ എല്ലാ ജില്ലകളിലും നടത്തണമെന്ന നിർദ്ദേശം യോഗത്തിൽ ഉയർന്നു. നിലവിലെ ദ്വൈമാസ ബില്ലിംഗ് രീതിക്കു പകരം ഓരോ മാസവും ബില്ല് നൽകുന്ന രീതി നടപ്പിലാക്കുക, വൈദ്യുതി ബില്ലുകൾ മലയാളത്തിലാക്കുക, സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും തെളിവെടുപ്പിൽ പങ്കെടുത്തവർ മുന്നോട്ടുവച്ചു.

 

സോമിൽ ഓണേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ, എസിഎഫ്ആർപിഒ, കേരള ടയർ റീട്രേഡേഴ്സ് അസോസിയേഷൻ, കേരളാ സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ, റെസിഡന്റ്സ് അപെക്സ്സ് കൗൺസിൽ, ഇ‑റിക്ഷ ഡ്രൈവേഴ്സ് യൂനിയൻ, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ, കെഎസ്എംഎ, കെഡിപിഎസ് സി, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും കമ്മീഷൻ മുമ്പാകെ നിർദ്ദേശങ്ങൾ സമർപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറിലേറെ പേരാണ് തെളിവെടുപ്പിൽ പങ്കെടുത്തത്. വൈദ്യുതി നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട കെഎസ്ഇബിയുടെ ശുപാർശകളിൽ മേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും kserc@erckerala. org എന്ന ഇ‑മെയിൽ വഴിയും സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ പി എഫ് സി ഭവനം, സി വി രാമൻ പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിലേക്ക് തപാൽ വഴിയും ഈ മാസം 10ന് വൈകിട്ട് അഞ്ചു മണി വരെ സ്വീകരിക്കുമെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു. കെഎസ്ഇബി ശുപാർശകളുടെ പകർപ്പ് www. erck­er­ala. orgൽലഭ്യമാണ്.

Exit mobile version