എംസി റോഡില്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു. ഇന്നലെ രാത്രി 10.30 ഓടെ തുരുത്തി ഈശനാത്ത് കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. വാഴപ്പള്ളി മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഉത്സവത്തിനു കൊണ്ടുപോയ ശേഷം തിരികെ വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് ആനയിടഞ്ഞത്. തുരുത്തിയിലെ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ പുരയിടത്തില്‍ തളച്ചിടാനാണ് ഇവിടേക്ക് എത്തിച്ചത്.
ലോറിയുടെ കൈവരികള്‍ തകര്‍ത്ത ആന ഏറെ നേരം പുറത്തേക്കിറങ്ങുന്നതു പോലെ പിന്നോട്ട് തിരിഞ്ഞു നില്‍ക്കുകയായിരുന്നു. തുമ്പികൈ കൊണ്ട് പരാക്രമം കാട്ടിയതിനാല്‍ ആനയുടെ സമീപത്തേക്ക് പാപ്പാന്‍മാര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. 11.45ഓടെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ആന വാഹനം കുത്തിമറിച്ചിട്ടു.
വൈദ്യുതി പോസ്റ്റുകള്‍ തകര്‍ക്കാന്‍ സാധ്യതയേറിയതിനാല്‍ പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചിരുന്നു. എംസി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപെട്ടു. വാഹനങ്ങള്‍ ഇടറോഡുകളിലൂടെ തിരിച്ചുവിട്ടു. ചങ്ങനാശേരി പൊലീസും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും സമീപത്തുണ്ട്. രാത്രി വൈകിയും ആനയെ തളയ്ക്കാന്‍ സാധിച്ചില്ല. മയക്കുവെടി ഉപയോഗിച്ച് ആനയെ തളയ്ക്കാന്‍ എലിഫന്റ് സ്‌ക്വാഡിനെ വിവരമറിയിച്ചു. സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരെ പൊലീസ് ഇടപെട്ടാണ് മാറ്റിയത്. രാത്രി 12 ഓടെ മയക്ക് വെടിവച്ചു. പുതുപ്പളളിയില്‍ നിന്നുള്ള എലിഫന്റ് സ്‌ക്വാഡ്. 12.30 യോടെ ആന ശാന്തനായി.
English sammuury: elephant violent in changanassery thuruthy mc road