അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ മയക്കു വെടി വെച്ചു. നിലത്തേക്ക് വീണ ആനയെ ആനയെ ചികിത്സക്കായി കൊണ്ടുപോകുവാൻ നീക്കം ഊർജിതമാക്കി അധികൃതർ. ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിനുള്ളത്. വെറ്റിലപ്പാറ പുഴയോട് ചേർന്ന പതിനാലാം ബ്ലോക്കിലായിരുന്നു ആനയുണ്ടായിരുന്നത്. ആനയെ കോടനാട് അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നല്‍കുകയെന്ന സങ്കീർണ്ണമായ ദൗത്യമാണ് ഇനി വനംവകുപ്പിന് മുന്നിലുള്ളത്.
രാവിലെ 7.15 ഓടെയാണ് ആനയെ മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്കാജനകമാണ്. ഈഴാറ്റുമുഖം ഗണപതി എന്ന മറ്റൊരു കൊമ്പനെ ചാരിയായിരുന്നു മയക്കുവെടിയേറ്റ ആന മുന്നോട്ടു പോയിരുന്നത്. വനംവകുപ്പ് ജീവനക്കാർ പടക്കം പൊട്ടിച്ചതോടെ ഗണപതി മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ തട്ടിയിട്ട ശേഷം മുന്നോട്ടു ഓടിപ്പോയി. ഇതോടെയാണ് ആന നിലത്ത് വീണത്. ജെസിബി ഉപയോഗിച്ച് വഴി തുരന്ന ശേഷം ആനയെ ലോറിയിലേക്ക് എടുത്തു കയറ്റാനാണ് നീക്കം. കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം എന്നീ മൂന്ന് കുങ്കിയാനകളും സ്ഥലത്തുണ്ട്. ആനക്കൂടിന്റെ പണി പൂർത്തിയായിട്ടുണ്ട്. എലിഫന്‍റ് ആംബുലന്‍സും ഇന്നലെ രാത്രിയോടെ സജ്ജമായി.