Site iconSite icon Janayugom Online

പെറുവില്‍ അടിയന്തരാവസ്ഥ

വര്‍ധിച്ചുവരുന്ന അഴിമതിക്കും ആസൂത്രിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ആഴ്ചകളായി ജെന്‍സി പ്രക്ഷോഭം തുടരുന്ന പെറുവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലിമയിലും കല്ലാവോയിലുമാണ് ഇടക്കാല പ്രസിഡന്റ് ജോസ് ജെറി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് മന്ത്രിമാരുടെ കൗണ്‍സില്‍ അനുമതി നല്‍കി. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ 30 ദിവസത്തേക്ക് രണ്ട് മേഖലകളിലും അടിയന്തരാവസ്ഥ തുടരുമെന്നും ദേശീയ ടെലിവിഷനിലൂടെ ജോസ് ജെറി അറിയിച്ചു. അടിയന്തരാവസ്ഥ കാലയളവില്‍ പട്രോളിങ്ങിനായി സൈനികരെ അയയ്ക്കാനും വ്യക്തി സ്വാതന്ത്രത്തിനും അവകാശങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരമുണ്ടാകും.

ജോസ് ജെറി ഇടക്കാല പ്രസിഡന്റായി അധികാരത്തിലേറിയതിന് ശേഷമെടുക്കുന്ന സുപ്രധാന തീരുമാനങ്ങളില്‍ ആദ്യത്തേതാണ് അടിയന്തരാവസ്ഥ. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഈ മാസം ആദ്യമാണ് ദിന ബൊലുവാര്‍തെയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ഇത് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വേദനയാകുകയും രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുകയും ചെയ്തു. എന്നാല്‍ അതെല്ലാം കഴിഞ്ഞു. പെറുവിന്റെ അരക്ഷിതാവസ്ഥയെ മാറ്റാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനുള്ള നീക്കം ആരംഭിക്കുകയാണ്. കോടിക്കണക്കിന് വരുന്ന പെറു പൗരന്മാരുടെ വിശ്വാസവും സമാധാനവും പുനഃസ്ഥാപിക്കപ്പെടണമെന്നും അദ്ദേഹം പറ‍ഞ്ഞു. പ്രശസ്ത സംഗീതജ്ഞന്റെ കൊലപാതകത്തിന് പിന്നാലെ മാര്‍ച്ച്-ജൂലൈ മാസങ്ങള്‍ക്കിടയില്‍ ലിമയില്‍ ഭാഗിക അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം അക്രമസംഭവങ്ങള്‍ക്കെതിരെ ഭരണകൂടം പ്രതികരിക്കാതെ വന്നപ്പോഴാണ് അക്ഷമരായ യുവാക്കള്‍ ലിമയിലും മറ്റ് നഗരങ്ങളിലും ജെന്‍ സി പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തിനിടെ പൊലീസ്, മാധ്യമപ്രവര്‍ത്തകര്‍, പ്രക്ഷോഭകര്‍ എന്നിവരുള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു.

Exit mobile version