Site icon Janayugom Online

മഴക്കെടുതികളിൽ ദുരിതത്തിലായവർക്ക് അടിയന്തര സഹായം: മന്ത്രി കെ രാജന്‍

മഴക്കെടുതിയില്‍ ദുരിതത്തിലായ ആളുകള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി സഹായം നല്‍കുമെന്ന് റവന്യുമന്ത്രി കെ രാജന്‍. സംസ്ഥാന ദുരന്തപ്രതികരണഫണ്ടില്‍ നിന്ന് ആണ് നഷ്ടപരിഹാരം നല്‍കുന്നത്. എന്നാല്‍ ആവശ്യമായ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള പണം കൂടി നല്‍കിക്കൊണ്ട് ദുരിതത്തിലായ ആളുകളെ സഹായിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. എല്ലായിടത്തും കണക്കുകള്‍ സമാഹരിച്ചുവരികയാണ്. രണ്ട് ദിവസത്തിനുള്ളില്‍ ഓരോ വകുപ്പുകളും എടുക്കുന്ന കണക്കുകളെ ക്രോഡീകരിച്ചുകൊണ്ട് ജില്ലാ കളക്ടര്‍മാര്‍ വിവരം അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലേക്കും എസ്ഡിആര്‍എഫില്‍ നിന്ന് ആവശ്യമായ പണം ഇതിനകം നല്‍കിയിട്ടുണ്ട്.

രണ്ട് ദിവസം കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. അതിനനുസരിച്ചുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ദിവസം കൂടി തീരപ്രദേശത്തുള്ള ആളുകള്‍ മീന്‍പിടിത്തം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പോകാതെ ശ്രദ്ധിക്കണം. മലയോരമേഖലകളിലൂടെയുള്ള രാത്രിയാത്ര നിര്‍ബന്ധമായും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ മനഃപൂര്‍വമായി ഒരു വീഴ്ച വരുത്തിയതായി സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതിന്റെ നടപടിക്രമങ്ങളിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തിയെന്ന് മാത്രമെയുള്ളൂ. ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊണ്ട് ഭാവി പരിപാടികള്‍ തയാറാക്കും. കെഎസ്ഡിഎംഎ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് വന്നിട്ടുണ്ട്. ആ തരത്തില്‍കാര്യങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:Emergency relief for flood vic­tims: Min­is­ter K Rajan
You may also like this video

Exit mobile version