മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2023–24 വര്‍ഷം കേരളം പത്തുകോടി തൊഴില്‍ദിനങ്ങൾ പൂർത്തിയാക്കുന്നു. നിലവിൽ പൂര്‍ത്തിയാക്കിയത് 9.94 കോടി ആണെങ്കിലും അന്തിമകണക്ക് വരുമ്പോള്‍ പത്തുകോടി തൊഴില്‍ദിനമെന്ന ലക്ഷ്യത്തിലെത്തും. തൊഴിലെടുത്തവരില്‍ 89.27 ശതമാനവും സ്ത്രീകളാണ്. ശരാശരി ഓരോ കുടുംബത്തിനും 67.68 ദിവസം തൊഴില്‍ ലഭിച്ചു. 5.66 ലക്ഷം കുടുംബങ്ങള്‍ കഴിഞ്ഞവര്‍ഷം കേരളത്തില്‍ നൂറു തൊഴില്‍ദിനം പൂര്‍ത്തിയാക്കി. ഇത് റെക്കോഡാണ്. 2023–24 വർഷത്തിന്റെ തുടക്കത്തിൽ വെറും ആറുകോടി തൊഴിൽദിനം മാത്രമായിരുന്നു കേരളത്തിന് അനുവദിച്ച ലേബർ ബജറ്റ്. ഓഗസ്റ്റിൽത്തന്നെ ഈ ലക്ഷ്യം കൈവരിച്ചു. ശേഷവും തൊഴിലിന് ആവശ്യക്കാർ ഉള്ളതിനാൽ തൊഴിൽദിനം എട്ട് കോടിയാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇത് പിന്നീട് ഒമ്പതു കോടിയായും ഏറ്റവുമൊടുവിൽ 10. 50 കോടിയായും വർധിപ്പിച്ചു.
തൊഴിൽദിനത്തിൽ തിരുവനന്തപുരം ജില്ലയാണ് മുന്നിൽ- 1.33 കോടി. തൊട്ടുപിന്നിൽ ആലപ്പുഴയുണ്ട്- 1.12 കോടി. മൂന്നാംസ്ഥാനത്ത് കോഴിക്കോടാണ്-1.09 കോടി. നൂറു തൊഴിൽദിനം പൂർത്തിയാക്കിയതിലും മുന്നിൽ തിരുവനന്തപുരം തന്നെ. 85,219 കുടുംബം ഇവിടെ നൂറു തൊഴിൽദിനം നേടി. രണ്ടാംസ്ഥാനത്തുള്ള കോഴിക്കോട്ട് 76,221 കുടുംബങ്ങൾ നൂറു തൊഴിൽദിനം പൂർത്തിയാക്കി. ഇതിലൂടെ മാത്രം 5.82 കോടി തൊഴിൽദിനം സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞവർഷം കേരളത്തിൽ ആകെ തൊഴിലെടുത്തത് 14.68 ലക്ഷം കുടുംബങ്ങളിലെ 16.61 ലക്ഷം പേരാണ്. 80 വയസിനുമുകളിലുള്ള 14,991 പേരാണ് കഴിഞ്ഞവര്‍ഷം തൊഴിലെടുത്തത്. 2.51 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 61 വയസിനും 80‑നും മധ്യേയുള്ള 5.22 ലക്ഷം പേര്‍ തൊഴില്‍ ചെയ്തു.
ഏറ്റവും കൂടുതല്‍ പേര്‍ തൊഴില്‍ ചെയ്തത് 51നും 60നും മധ്യേയുള്ളവരാണ്-5.27 ലക്ഷം പേര്‍. യുവത്വത്തിന്റെ പ്രാതിനിധ്യം പൊതുവേ കുറവാണ്.
18നും 30നും മധ്യേ പ്രായമുള്ള 1.03 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും തൊഴിലെടുത്തത് 18,765 പേര്‍. 31നും 40നും മധ്യേ 1.60 ലക്ഷം പേര്‍ തൊഴിലെടുത്തു. 2023–24 വർഷം തൊഴിലാളികളുടെ വേതനത്തിനുമാത്രം ചെലവ് 3326 കോടി രൂപ. സാധനസാമഗ്രികൾ, നൈപുണ്യമുള്ള തൊഴിലാളികളുടെ വേതനം എന്നിവയുടെ 513 കോടി രൂപയാണ്. ആകെ ചെലവ് 3971 കോടി രൂപയാണ്.
English Summary: Employment Guarantee Scheme: Kerala achieves its target; Towards ten crore workdays
You may also like this video