Site icon Janayugom Online

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടൽ കൂട്ടക്കൊല: 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Maoist

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ ഛത്തീസ്ഗഢിൽ 29 നക്സലൈറ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്നു.
ഇന്നലെ ഉച്ചയോടെ ഛത്തീസ്ഗഢിലെ കങ്കർ ജില്ലയിലാണ് സൈന്യം നക്സൽ വിരുദ്ധ ഓപ്പറേഷനിടെ മുതിർന്ന നക്സൽ നേതാവ് ശങ്കർ റാവു ഉൾപ്പെടെയുള്ളവരെ വധിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു. 25 ലക്ഷം രൂപ വിലയിട്ട നക്സൽ നേതാവാണ് ശങ്കർ റാവു. 18 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് സുരക്ഷാ വൃത്തങ്ങൾ ആദ്യം അറിയിച്ചിരുന്നത്. ഇതിനു ശേഷമാണ് 11 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. സംഭവത്തിൽ ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. 

അതിർത്തി രക്ഷാസേന (ബിഎസ്എഫ്) യിലെ രണ്ടുപേരുൾപ്പെടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ബസ്തർ ഐജി പി സുന്ദർരാജ് അറിയിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. എകെ 47, ഇൻസാസ് റൈഫിൾസ് ഉൾപ്പെടെയുള്ള നിരവധി ആയുധങ്ങളും പ്രദേശത്ത് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ബിനഗുണ്ട ഗ്രാമത്തോട് ചേർന്നുകിടക്കുന്ന വനമേഖലയിലാണ് സൈന്യത്തിന്റെ നടപടിയുണ്ടായത്. 

മാവോയിസ്റ്റ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡിആർജി-ബിഎസ്എഫ് സംഘം ഏറ്റുമുട്ടൽ നടത്തിയത്. സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ പ്രതിരോധിക്കുന്നതിനായി 2008ലാണ് ഡിആർജി രൂപീകരിക്കുന്നത്. പിന്നീട് സായുധ കലാപങ്ങൾ ചെറുക്കാൻ ബിഎസ്എഫിനെയും വിന്യസിക്കുകയായിരുന്നു.
ഏപ്രിൽ 26നാണ് ബസ്തർ മേഖലയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ വർഷം ഇതുവരെയായി 79 നക്സലുകളെ സുരക്ഷാ സേന വധിച്ചതായാണ് കണക്ക്. ഏപ്രിൽ രണ്ടിന് ബിജാപൂർ ജില്ലയിൽ 13 പേരെ വധിച്ചിരുന്നു. 

Eng­lish Sum­ma­ry: Encounter in Chhat­tis­garh: 18 Maoists killed

You may also like this video

Exit mobile version