Site iconSite icon Janayugom Online

കോന്നി മെഡിക്കൽ കോളജ് പരിസരത്തെ സർക്കാർ ഭൂമിയിൽ കൈയ്യേറ്റങ്ങൾ വർധിക്കുന്നു

കോന്നി സർക്കാർ മെഡിക്കൽ കോളജ് പരിസത്തെ സർക്കാർ ഭൂമിയിൽ കയ്യേറ്റങ്ങൾ വർധിക്കുന്നു.കൃഷി വകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമിയിലാണ് കയ്യേറ്റങ്ങൾ വർധിക്കുന്നത്.കൃഷി വകുപ്പിന്റെ കീഴിൽ പന്തളം ഫാമിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്താണ് സ്വകാര്യ വ്യക്തികൾ ഭൂമി കൈയ്യേറുന്നത്. ഇരുപത്തിയഞ്ച് ഏക്കറോളം ഭൂമിയാണ് ഇവിടെ കൃഷി വകുപ്പിന്റെ അധീനതയിൽ ഉണ്ടായിരുന്നത്.

ഇതിൽ കോന്നി മെഡിക്കൽ കോളേജ്, കേന്ദ്രീയ വിദ്യാലയം,ബ്ലെഡ്ഡ് ബാഗ് നിർമ്മാണ യൂണിറ്റ്, ഡ്രെഗ്‌സ് കൺട്രോൾ ലാബ് എന്നിവക്ക് വിട്ടുനൽകിയ ശേഷം നിലവിൽ നാല് ഏക്കറോളം വരുന്ന ഭൂമിയാണ് നിലവിൽ ഉള്ളത്.ഇതിൽ പകുതിയിൽ അധികം ഭൂമിയും സ്വകാര്യ വ്യക്തികൾ കയ്യേറിയിട്ടുണ്ട്.കൃഷി വകുപ്പിന്റെ ഭൂമിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ ഭൂമിയിലേക്ക് റോഡ് നിർമ്മിച്ചിരിക്കുന്നത് ഈ സർക്കാർ ഭൂമിയിലേക്ക് ആണെന്നതാണ് ശ്രദ്ധേയം. വിലക്കുറവുള്ള സ്വകാര്യ ഭൂമിയിലേക്ക് ഇതിന് തൊട്ടടുത്തുള്ള സർക്കാർ ഭൂമിയിലൂടെ ആണ് വഴി വെട്ടിയിരിക്കുന്നത്.മാത്രമല്ല കൃഷി വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് വേലികളും പലതും ഇളക്കി മാറ്റിയിട്ടുണ്ട്.

വിലക്കുറവുള്ള ഭൂമിയിലേക്ക് സർക്കാർ ഭൂമിയിലൂടെ വഴി വെട്ടി വാൻ തുകക്ക് ഭൂമി സ്വകാര്യ വ്യക്തികൾ വില്പന നടത്തുന്നതും വർധിക്കുന്നുണ്ട്. 2021 ൽ ഇവിടെ കൃഷി വകുപ്പ് സ്ഥാപിച്ച വേലി പൊളിച്ച് മാറ്റുകയും സ്വകാര്യ വ്യക്തികൾ ഭൂമി കയ്യേറുകയും ചെയ്തിരുന്നു. നിലവിൽ സ്വകാര്യ വ്യക്തികൾ പല സ്ഥലങ്ങളിലും സർക്കാർ സ്ഥാപിച്ച വേലി പൊളിച്ച് മാറ്റി കയ്യേറിയതോടെ സ്വകാര്യ ഭൂമിയും സർക്കാർ ഭൂമിയും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ്.ടോട്ടൽ സ്റ്റേഷൻ സർവ്വേ നടത്തി മാത്രമേ ഈ ഭൂമി അളന്ന് തിട്ടപ്പെടുത്തുവാൻ കഴിയുള്ളു.

മെഡിക്കൽ കോളേജ് റോഡിന് ഇരുവശങ്ങളിലുമായി നിർമിച്ചിരിക്കുന്ന കടകളും സർക്കാർ ഭൂമിയിലേക്ക് ഇറക്കിയാണ് നിർമ്മിച്ചിരിക്കുന്നതെന്ന് പറയുന്നു.സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ വർഷങ്ങളായി കയ്യേറുന്ന വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.

Eng­lish Sum­ma­ry: Encroach­ments on gov­ern­ment land near Kon­ni Med­ical Col­lege are increasing
You may also like this video

Exit mobile version