ശബരിമല സ്വർണക്കൊള്ള ഇനി ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇഡി അന്വേഷണം. ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കോടതി ഉത്തരവിട്ടു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും. ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് ഇഡി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്ഐടി എതിർത്തിരുന്നു. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ്ഐടിയുടെ നിലപാട്. കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നായിരുന്നു എസ്ഐടിക്ക് വേണ്ടി വാദിച്ച പ്രോസിക്യൂഷൻ അറിയിച്ചത്.
ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും; ഉത്തരവിട്ട് കൊല്ലം വിജിലൻസ് കോടതി

