Site iconSite icon Janayugom Online

എന്‍ജിനീയറിങ് പഠനം: ഹിന്ദി വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

രാജ്യത്ത് എന്‍ജിനീയറിങ് പഠനം ഹിന്ദിയിലാക്കിയ മധ്യപ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ ഗണ്യമായി കുറയുന്നു. ഹിന്ദി മാധ്യമം ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് മാധ്യമത്തിലുള്ള എന്‍ജിനീയറിങ് പഠനം സ്വീകരിക്കുകയായിരുന്നു. 2022ല്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജ്യൂക്കേഷന്‍ (എഐസിടിഇ) സംസ്ഥാനത്തെ 13 സര്‍ക്കാര്‍ കോളജുകളിലും സ്വാകര്യ മേഖലയിലും ആരംഭിച്ച എന്‍ജിനീയറിങ് പഠനമാണ് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് കാരണം മുടന്തി നീങ്ങുന്നത്. 2022ല്‍ ആരംഭിച്ച ഹിന്ദി മാധ്യമം വഴിയുള്ള എന്‍ജിനീയറിങ് പഠനത്തില്‍ രണ്ടുവര്‍ഷംകൊണ്ട് 108 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.
സാങ്കേതിക വിദ്യാഭ്യസം ഇംഗ്ലീഷില്‍ നിന്ന് ഹിന്ദിയിലേക്ക് മാറ്റിയത് വിദ്യാര്‍ത്ഥികള്‍ക്ക് ബാലികേറാമലയായി തീര്‍ന്നുവെന്നാണ് വിലയിരുത്തല്‍. 

ഭോപ്പാലിലെ മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ് ശരിക്കും പഠന വഴിയില്‍ കടുത്ത വെല്ലുവിളി നേരിടുന്നത്. ഇംഗ്ലീഷിലെ സാങ്കേതിക പദങ്ങള്‍ മൊഴിമാറ്റി ഹിന്ദിയിലാക്കിയായിരുന്നു പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത്. പഠനം എളുപ്പമാകുമെന്ന് അധികൃതര്‍ വിശേഷിപ്പിച്ചെങ്കിലും ഹിന്ദിയിലുള്ള പഠനം പലവിധത്തിലും തടസങ്ങള്‍ നേരിട്ടുവെന്ന് വിദ്യാര്‍ത്ഥിയായ പവന്‍ സിംഗാര്‍ പറഞ്ഞു. എംബിബിഎസ് പഠനവും ഹിന്ദിയിലാക്കുന്നതിനുള്ള ശ്രമവുമായി മുന്നോട്ട് പോകുന്ന ആഭ്യന്തര മന്ത്രി അമിത് ഷയുടെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്.

കഴിഞ്ഞ അധ്യായന വര്‍ഷം ആകെ 19 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഹിന്ദി മാധ്യമം തിരഞ്ഞെടുത്തത്. അതില്‍തന്നെ 16 പേര്‍ മാത്രമാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം സംസ്ഥാനത്തെ 13 സ്ഥാപനങ്ങളില്‍ ആകെ 89 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പ്രവേശനം നേടിയതെന്നും ടെക്നിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ മോഹന്‍ സെന്‍ പറഞ്ഞു. എന്‍ജിനീയറിങ് പോലെയുള്ള സാങ്കേതിക രംഗത്തെ വിദ്യാഭ്യാസം ഇംഗ്ലീഷില്‍ ആണ് വേണ്ടതെന്നും ഇത്തരം പരിഷ്കാരങ്ങള്‍ ഗുണനിലവാരം വര്‍ധിപ്പിക്കില്ലെന്നും മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസോസിയോറ്റ് പ്രൊഫസര്‍ ഡോ. അനുപ് ആര്യ അഭിപ്രായപ്പെട്ടു. 

Eng­lish Summary:Engineering Stud­ies: Stu­dents Reject Hindi
You may also like this video

Exit mobile version