Site icon Janayugom Online

ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി; ഇന്ത്യ പടുകൂറ്റന്‍ ലീഡിലേക്ക്

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ 478 റണ്‍സിന്റെ ലീഡുമായി ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഒന്നാം ഇന്നിങ്സില്‍ 428 റണ്‍സിന് പുറത്തായ ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ദിനം 35.3 ഓവറില്‍ 136 റണ്‍സിന് എറിഞ്ഞിട്ടു. 292 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയെങ്കിലും ഇംഗ്ലണ്ട് വനിതകളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സിന് ഇന്ത്യയിറങ്ങുകയായിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ (44), പൂജ വസ്ത്രാക്കര്‍ (17) എന്നിവരാണ് ക്രീസില്‍. 33 റണ്‍സ് എടുത്ത ഷഫാലി, 26 റണ്‍സ് എടുത്ത സ്മൃതി, 27 റണ്‍സ് എടുത്ത ജമീമ, 20 റണ്‍ എടുത്ത ദീപ്തി എന്നിവര്‍ പുറത്തായി. 

നേരത്തെ 410–7 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ഇന്ത്യ 428 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 68 റണ്‍സെടുത്ത ജെമീമ റോഡ്രിഗസായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. ദീപ്തി ശര്‍മ 67 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ലോറൻ ബെന്നും എക്ലിസ്റ്റോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് എടുത്ത ദീപ്തി ശര്‍മ്മയുടെ ബൗളിങ് ആണ് ഇന്ത്യക്ക് ഇംഗ്ലണ്ടിനെ എറിഞ്ഞിടാൻ കരുത്തായത്. സ്നേഹ റാണ രണ്ട് വിക്കറ്റും രേണുക, പൂജ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും നേടി. ഇംഗ്ലണ്ടിനായി 59 റണ്‍സ് എടുത്ത നാറ്റ് സ്കിവിയര്‍ ബ്രണ്ട് മാത്രമെ തിളങ്ങിയുള്ളൂ. 20 റണ്‍സ് കടക്കാന്‍ മറ്റു ഇംഗ്ലണ്ട് താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഡാനിയേലി വയറ്റ് 19 റണ്‍സെടുത്തു. ഒരു ടെസ്റ്റ് മാത്രമുള്ള പരമ്പരയില്‍ വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയാണ് നിലവില്‍ ഹര്‍മന്‍പ്രീതിനും സംഘത്തിനുമുള്ളത്. മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ 500 റണ്‍സിന്റെ ലീഡ് കടത്താനാകും ഇന്ത്യന്‍ ബാറ്റര്‍മാര്‍ ശ്രമിക്കുക.

Eng­lish Sum­ma­ry; Eng­land was over­thrown; India take a huge lead
You may also like this video

Exit mobile version