Site iconSite icon Janayugom Online

മാഞ്ചസ്റ്ററില്‍ ഇംഗ്ലീഷ് റണ്‍മല

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡ്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 669 റണ്‍സിന് പുറത്തായി. 311 റണ്‍സിന്റെ വമ്പന്‍ ലീഡും സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പേ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. യശസ്വി ജയ്സ്വാളും സായ് സുദര്‍ശനും പൂജ്യത്തിന് പുറത്തായി. ക്രിസ് വോക്സിനാണ് രണ്ട് വിക്കറ്റും.
‍നാലാം ദിനത്തില്‍ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് തിളങ്ങി. 198 പന്തില്‍ 141 റണ്‍സെടുത്താണ് സ്റ്റോക്സ് പുറത്തായത്. സ്റ്റോക്സിന്റെ കരിയറിലെ 14-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. സ്റ്റോക്സിനെ കൂടാതെ ജോ റൂട്ടും സെഞ്ചുറി നേടിയിരുന്നു. താരം 150 റണ്‍സെടുത്ത് പുറത്തായി. ഓപ്പണർമാരായ സാക്ക് ക്രോളി (84), ബെൻ ഡക്കറ്റ് (94), ഒലി പോപ്പ് (71) എന്നിവരുടെ അർധ സെഞ്ചുറികളും ഇംഗ്ലണ്ടിന് വമ്പന്‍ സ്കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചു.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ലിയാം ഡാവ്സനെ നഷ്ടമായി. 26 റണ്‍സെടുത്ത ഡാവ്സനെ ജസ്‌പ്രീത് ബുംറ ബൗള്‍ഡാക്കി. സ്റ്റോക്സും ബ്രൈഡന്‍ കഴ്സും ചേര്‍ന്ന് സ്കോര്‍ 650 കടത്തി. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റിൽ 96 പന്തിൽ 95 റൺസ് കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ സെഞ്ചുറി നേടിയ സ്റ്റോക്സ് റെക്കോഡും സ്വന്തമാക്കി. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടവും സെഞ്ചുറിയും നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡാണ് കുറിച്ചത്. സ്കോര്‍ 658ല്‍ നില്‍ക്കെ സ്റ്റോക്സിനെ രവീന്ദ്ര ജഡേജ പുറത്താക്കി. അധികം വൈകാതെ കഴ്സിനെയും പുറത്താക്കിയതോടെ ഇംഗ്ലണ്ട് 669ന് പുറത്താകുകയായിരുന്നു. കഴ്സ് 47 റണ്‍സെടുത്തു. ഇന്ത്യക്കായി ജഡേജ നാലും വാഷിങ്ടൺ സുന്ദർ, ബുംറ എന്നിവർ രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി. അരങ്ങേറ്റതാരം അൻഷുൽ കംബോജിനും സിറാജിനും ഓരോ വിക്കറ്റ്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇ­ന്ത്യ ആദ്യ ഇന്നിങ്‌സില്‍ 114.1 ഓവറില്‍ 358 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ബെന്‍ സ്റ്റോക്സാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്. അര്‍ധസെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ (61), യശസ്വി ജയ്സ്വാള്‍ (58), റിഷഭ് പന്ത് (54) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റും ക്രിസ് വോക്സും ലിയാം ഡോവ്സനും ഓരോ വിക്കറ്റ് വീതവും നേടി. 

Exit mobile version