Site iconSite icon Janayugom Online

സിയുഇടി: രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധം

aadharaadhar

കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് (സിയുഇടി-യുജി) ആധാര്‍ രേഖ നിര്‍ബന്ധമാക്കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന സിയുഇടി പ്രവേശന പരീക്ഷയില്‍ സുപ്രീം കോടതി നിര്‍ദേശം മറികടന്നും ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

രജിസ്ട്രേഷന്‍ നടപടികളുടെ ഭാഗമായി പുറത്തിറക്കിയ എട്ട് ഓപ്ഷനുകളില്‍ ആറ് എണ്ണത്തിലും ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ടതായി വരും. ബാക്കിയുള്ള രണ്ട് രീതികളില്‍ പാസ്പോര്‍ട്ട് വിവരം നല്‍കണമെന്നും പുതുക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇതിലൊന്ന് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കും മറ്റൊന്ന് വിദേശ പാസ്പോര്‍ട്ട് ഉടമകള്‍ക്കുമാണ്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ചുമതലപ്പെടുത്തിയ എന്‍ടിഎയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ദോഷകരമായ തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികളെ വിലക്കരുതെന്ന് ആവശ്യപ്പെട്ട് ആധാര്‍ സേവനം നല്‍കുന്ന യുഐഡിഎഐ സര്‍ക്കുലര്‍ നിലനില്‍ക്കുന്ന വേളയിലാണ് എന്‍ടിഎ ആധാര്‍ നിര്‍ബന്ധമാക്കി വിദ്യാര്‍ത്ഥികളെ കുഴയ്ക്കുന്നത്. 2023 ല്‍ 16 ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്രവേശന പരീക്ഷയെഴുതിയത്.
2024 ല്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ രേഖ അനുസരിച്ച് 9,26,24,661 പേര്‍ക്കാണ് ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളത്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനം മാത്രമാണ്. ഈ സാഹചര്യത്തില്‍ രജിസ്ട്രേഷന് ആധാര്‍ വിവരങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതായി വരുമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധനായ അവിനവ് കുമാര്‍ ചൂണ്ടിക്കാട്ടി. ആധാര്‍ വിവരങ്ങളുടെ ഉപയോഗം സംബന്ധിച്ച നയം എന്‍ടിഎ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ടിഎ ഡയറക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന് കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു. 

2017 ലെ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിയില്‍ ആധാര്‍ വിവരങ്ങള്‍ കൂടുതല്‍ സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കരുതെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീടും കേന്ദ്രസര്‍ക്കാര്‍ വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഈ രീതിയാണ് എന്‍ടിഎയും സ്വീകരിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Eng­lish Sum­ma­ry: CUET: Aad­haar manda­to­ry for registration

You may also like this video

Exit mobile version