Site iconSite icon Janayugom Online

എനിക്ക് വിശക്കുന്നു

അയ്യോ, വിശക്കുന്നെനിക്കു വിശക്കു-
ന്നെനിക്ക് വിശക്കുന്നേ
ഏനെന്റെ കാട്ടിലെ കായും കനികളും
മാളോരു കട്ടോണ്ടു പോണേ
തല്ലുന്നു തല്ലിച്ചതയ്ക്കുന്നു ഞാങ്ങളെ
പട്ടിണിക്കിട്ടു കൊല്ലുന്നേ
ഞാങ്ങളുണ്ടാക്കിയ ധാന്യങ്ങളൊക്കെയും
നാട്ടിലെ മാളോരു കട്ടേ
ഇവിടെയീക്കാട്ടിലെ തേനും തടികളും
നാട്ടുകാർ കട്ടോണ്ടു പോണേ
ചക്കയും മാങ്ങയും മറ്റുള്ളതൊക്കെയും
മേലാളർ കട്ടു മുടിച്ചേ
ഇഷ്ടം പോൽ ഇവിടെ നിന്നെന്തെല്ലാം പച്ചണം
തിന്നു ജീവിച്ചവർ ഞങ്ങൾ
കാശൊന്നുമാരും കൊടുക്കേണ്ട ഞങ്ങളോ
കിട്ടുന്നതിൽ പങ്കു കാത്തുവയ്ക്കും
കാട്ടിലെ ചോലയിൽ ചുത്തമാം വെള്ളവും
മോന്തിക്കുടിച്ചും കഴിഞ്ഞു
ഇക്കണ്ടതൊക്കെയും സൃഷ്ടിച്ച തൈവത്തെ
ഞങ്ങളും പാടിയുണർത്തി
ഞങ്ങളേം തൈവമായ് സൃഷ്ടിച്ചതല്ലയോ
ഞങ്ങൾക്കു തന്നവയെല്ലാം
നാട്ടിൽ ജീവിച്ചതാം ദുഷ്ടരാം കാട്ടാളർ
മോട്ടിച്ചു കൊണ്ടവർ പോയേ
കാട്ടിലെ ചുത്തമാം ചോല തൻ വെള്ളവും
ഊറ്റിയെടുത്തവർ പോയേ
കാട്ടിൽ മൃഗങ്ങളെ കൊന്നുതിന്നിട്ടവർ
ഞാങ്ങളേം കൊല്ലുന്നു തിന്നാൻ
കാടു കയ്യേറി വനം തരിശാക്കുന്ന
കാട്ടാളമുട്ടാളവൻമാർ
ഒരു പിടി അരിയവർ തട്ടിപ്പറിച്ചെന്റെ
വായ്ക്കരിക്കിട്ടവരല്ലേ
ഞാങ്ങളെ തല്ലിച്ചതച്ചുകൊല്ലുന്നവർ
നാട്ടിൽ വിലസി നടപ്പൂ
ഞാങ്ങളെപ്പട്ടിണിക്കിട്ടുകൊല്ലുന്നവർ
കാടുമുടിച്ചു വാഴുന്നേ
ഇതിനൊരുമാറ്റമുണ്ടാതിരിക്കുകിൽ
തൈവകോപത്താൽ മുടിയും
ഞാങ്ങളെപ്പോറ്റുവാൻ മറ്റാരുമില്ലെങ്കിൽ
ഇവിടൊരു പ്രളയമുണ്ടാകും
സത്യസ്വരൂപനാം തൈവകോപത്തിനാൽ
എല്ലാം നശിക്കുമെന്നോർത്തോ!

 

(അഗളി ആദിവാസി കോളനിയിലെ മധു എന്ന യുവാവിന്റെ മരണത്തെ ആസ്പദമാക്കി — മധുനിന്റെ പരിദേവനം)

Exit mobile version