കേരളത്തോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ച് സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയ കേന്ദ്ര ബജറ്റിലെ സമീപനങ്ങൾക്കെതിരെ പ്രതിഷേധമിരമ്പി എല്‍ഡിഎഫ് മാര്‍ച്ച്. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും ജില്ലകളിൽ അസംബ്ലി മണ്ഡലം അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ഓഫിസുകളിലേക്കും നടന്ന മാര്‍ച്ചിലും ധര്‍ണയിലും ആയിരങ്ങള്‍ അണിനിരന്നു. രാജ്ഭവന് മുന്നില്‍ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. വി ജോയി എംഎല്‍എ അധ്യക്ഷനായി. കൊല്ലം ചിന്നക്കട ഹെഡ്പോസ്റ്റോഫിസ് ധര്‍ണ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. തന്ത്രപ്രധാന മേഖലകളില്‍പോലും വിദേശമൂലധന നിക്ഷേപത്തിന് സമ്പൂര്‍ണമായി വാതില്‍ തുറന്നുകൊടുക്കുന്ന നിലപാടാണ് മോഡി സര്‍ക്കാരിന്റേതെന്ന് ബിനോയ് വിശ്വം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അഞ്ച് കൊല്ലം കൊണ്ട് 10 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. അതിന് അവര്‍ താക്കോല്‍ സ്ഥാനങ്ങളിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് കച്ചവടം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആണവ റിയാക്ടര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിദേശ നിക്ഷേപങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഊര്‍ജമേഖലയിലും എഫ്ഡിഐ വരികയാണ്. രാജ്യത്തെ പരിപൂര്‍ണമായും സ്വകാര്യ കൊള്ളക്കാര്‍ക്ക് അടിയറവ് വയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കേന്ദ്രസഹായം നല്‍കുമ്പോള്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. കാര്‍ഷിക രംഗത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന മോഡി കര്‍ഷകര്‍ക്ക് വേണ്ടി ബജറ്റില്‍ പണം മാറ്റിവച്ചില്ല. പട്ടികജാതി പട്ടിക വര്‍ഗങ്ങളെപ്പറ്റി ബജറ്റില്‍ മിണ്ടുന്നതേയില്ല. കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ ദാരിദ്ര്യത്തില്‍ നട്ടംതിരിയുമ്പോള്‍ റബ്ബര്‍ പുറമേ നിന്ന് ഇറക്കുമതി ചെയ്യാനുള്ള എല്ലാ അവസരവും ഒരുക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും സ്കീം വര്‍ക്കേഴ്സിന്റെ കേന്ദ്ര വിഹിതം വര്‍ധിപ്പിച്ചാല്‍ മാത്രമേ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളൂവെന്നും ബിനോയ് വിശ്വം പറഞ്ഞു. ഡി സുകേശന്‍ അധ്യക്ഷനായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ആലത്തൂരിലും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രന്‍ കൊടുങ്ങല്ലൂരിലും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വി ചാമുണ്ണി പാലക്കാടും ആര്‍ രാജേന്ദ്രന്‍ വൈക്കത്തും സി പി മുരളി മട്ടന്നൂരിലും ചാത്തന്നൂരില്‍ മുല്ലക്കര രത്നാകരനും സി കെ ശശിധരന്‍ അടൂരിലും സത്യന്‍ മൊകേരി കോഴിക്കോട് കല്ലാച്ചി പോസ്റ്റ് ഓഫിസിന് മുന്നിലും നടന്ന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു.