Site iconSite icon Janayugom Online

സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം

ത്തരാഖണ്ഡ് സംസ്ഥാനത്തെ ചമോലി ജില്ലയില്‍ ജോഷിമഠ് എന്ന തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഭൂമി ഇടിഞ്ഞുതാഴുന്നതും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വിള്ളല്‍ വീഴുന്നതും വലിയ സാമൂഹ്യ പ്രശ്നമായി ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഉന്നതതലയോഗം വിളിക്കുകയും പ്രദേശം ദുരന്തസാധ്യതാ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്ന നടപടി ഇതിനകംതന്നെ ആരംഭിച്ചു. ജോഷി മഠ് നഗരസഭയിലെ പത്തു വാര്‍ഡുകളിലാണ് പ്രതിഭാസം ഉണ്ടായിട്ടുള്ളത്. മണ്ണിടിച്ചിലും കെട്ടിടങ്ങള്‍ക്ക് വിള്ളലും വ്യാപകമായാണ് സംഭവിച്ചത്. അറുനൂറോളം വീടുകള്‍ക്കും പ്രദേശത്തെ വിവിധ ക്ഷേത്രങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള നൂറിലധികം കെട്ടിടങ്ങള്‍ക്കും പൊട്ടലും വിള്ളലുമുണ്ടായി. അപകടാവസ്ഥകാരണം നാലു ഹോട്ടലുകള്‍ അടച്ചുപൂട്ടി. പ്രധാനപ്പെട്ട റോഡുകളിലും മലമ്പാതകളിലും വിള്ളലും താഴ്ന്നുപോക്കുമുണ്ടായി. ബദരീനാഥ് ദേശീയ പാതയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. ഹെലാങ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സ്വകാര്യ കമ്പനികള്‍, വനംവകുപ്പിന്റെ കെട്ടിടങ്ങള്‍, ചെക്ക് പോസ്റ്റുകള്‍ തുടങ്ങിയവയ്ക്കും കേടുകള്‍ സംഭവിച്ചു. സിംഗ്ധറിലെ മാ ഭഗവതി ക്ഷേത്രം തകര്‍ന്നു വീണു. ശങ്കരാചാര്യ മഠത്തിലും വലിയ വിള്ളലുകള്‍ ഉണ്ടായി. ഭൂമി ഇടിഞ്ഞ് താഴുന്നതും കെട്ടിടങ്ങള്‍ക്ക് വിള്ളലുള്‍പ്പെടെ സംഭവിക്കുന്നതും സംബന്ധിച്ച് പഠനം നടത്തുന്നതിന് വിദഗ്ധ സമിതിക്ക് രൂപം നൽകിയിരിക്കുകയാണ്. വനം, പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര ജല കമ്മിഷന്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഗംഗ ശുദ്ധീകരണത്തിനുള്ള ദേശീയ ദൗത്യസംഘം എന്നിവയിലെ പ്രതിനിധികളാണ് സമിതിയിലുള്ളത്. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്. സമിതികളുടെ പഠനത്തിനു ശേഷമേ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.


ഇതുകൂടി വായിക്കൂ:  അന്നമാണ് നൽകേണ്ടത്; രൂപശില്പങ്ങളല്ല


എങ്കിലും പാരിസ്ഥിതികമായ കടന്നാക്രമണങ്ങള്‍ ഈ പ്രതിഭാസത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണെന്നാണ് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നത്. പ്രദേശത്തെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്ന് ശങ്കരാചാര്യമഠത്തിന്റെ മേധാവികള്‍ പറഞ്ഞതായും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതേസമയം ഇത്തരം പ്രതിഭാസം നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ അധികൃതര്‍ക്ക് പരാതി നല്കിയെങ്കിലും ഗൗരവത്തോടെയുള്ള നടപടികള്‍ ഉണ്ടായില്ലെന്ന് പരാതിയുണ്ട്. 2021 ഒക്ടോബറില്‍ ജോഷിമഠിന് വിള്ളല്‍ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. അക്കാര്യം അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ അപകടാവസ്ഥ സംബന്ധിച്ച് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിക്ക് ഒരുമാസം മുമ്പ് പരാതി നല്കുകയും ചെയ്തിരുന്നു. തീര്‍ത്ഥാടന കേന്ദ്രത്തിന് കിലോമീറ്ററുകള്‍ അകലെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷ (എന്‍ടിപിസി) ന്റെ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം ഉണ്ടാകുന്ന പ്രകമ്പനം വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സൃഷ്ടിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിക്ക് പ്രദേശവാസികള്‍ നല്കിയ പരാതി. എന്നാല്‍ എന്തെങ്കിലും പരിഹാര നടപടികള്‍ ഉണ്ടായില്ല. പ്രദേശത്തുണ്ടായ പ്രശ്നങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലെന്ന എന്‍ടിപിസിയുടെ വിശദീകരണത്തില്‍ തൃപ്തരായി നടപടികള്‍ സ്വീകരിക്കുന്നതില്‍ അമാന്തം കാട്ടുകയായിരുന്നു അധികാരികളെന്നാണ് പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും കുറ്റപ്പെടുത്തുന്നത്. ഒരുവര്‍ഷത്തിനിടെ മൂന്നുതവണയായി വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചമോലി ജില്ലാ കളക്ടറും ഇക്കാര്യം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്താണ് ചെയ്യേണ്ടത് എന്നറിയില്ലെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് എന്‍ടിപിസി വിശദീകരിച്ചെന്നുമാണ് ജില്ലാ കളക്ടറുടെ നിലപാട്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശം സന്ദര്‍ശിക്കുന്നതിനോ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുന്നതിനോ തയാറായതുമില്ല.


ഇതുകൂടി വായിക്കൂ: വർഗസമരത്തിന്റെയും ജീവിവർഗങ്ങളുടെയും വിജയം


ഏതായാലും നേരത്തെതന്നെ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികളൊന്നും സ്വീകരിച്ചില്ലെന്നത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. ഇപ്പോള്‍ അപകടാവസ്ഥയുണ്ടായപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമായിട്ടുണ്ട്. വീടുകളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്നതിന് ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തി. അപകട സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് ആളുകളെ മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അതുകൊണ്ടു കാര്യമില്ലെന്നാണ് ജോഷിമഠിലുണ്ടായ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും നിലവിലുണ്ട്. അവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന പരിശോധന ഉണ്ടായില്ലെന്ന് ഉത്തരാഖണ്ഡിലെ അപകടസാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ജോഷിമഠിലെ അപകടാവസ്ഥ, വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനമൊരുക്കണമെന്ന മുന്നറിയിപ്പുകൂടിയാണ് നല്കുന്നത്.

Exit mobile version