ഹേമാ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്ത് വന്നിരിക്കുന്ന സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അങ്ങേയറ്റം ഗൗരവമാണെന്നും കമ്മിറ്റി റിപ്പോർട്ടിൻ്റെ വെളിച്ചത്തിൽ സിനിമാ മേഖലയിലുൾപ്പെടെ സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എ ഐ ടി യു സി സംസ്ഥാന നേതൃ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ സിനിമാ വ്യവസായം വലിയ തോതിൽ സാമ്പത്തിക നിക്ഷേപമുള്ളതും ആയിരക്കണക്കിനാളുകൾ ജോലിയെടുക്കുന്ന ഇടമായിട്ടും സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും സുരക്ഷിതമായ താമസ സൗകര്യവും നിഷേധിക്കുന്നത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.
ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തൊഴിലിടങ്ങളിൽ സ്ത്രീ തൊഴിലാളികൾക്കും എല്ലാ ജീവനക്കാർക്കും സുരക്ഷിതമായി ജോലി ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. കമ്മിറ്റി റിപ്പോർട്ടിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും എ ഐ ടി യു സി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.