സ്വയം പ്രതിരോധത്തിന്റെ ബാലപാഠങ്ങൾ മുതൽ ആത്മവിശ്വാസത്തിന്റെ പെൺകരുത്ത് ആർജിക്കാൻ നമ്മെ സജ്ജരാക്കാൻ കേരള പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന സംഘം റെഡിയാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾ, പൊതുസ്ഥലങ്ങളിൽ ശാരീരികമായ ആക്രമണങ്ങൾക്ക് വിധേയരാകേണ്ടി വരുന്നവർ എന്നിങ്ങനെ ജീവിതത്തിൽ പലപ്പോഴും സ്ത്രീകൾക്ക് കടന്നുപോകേണ്ടി വരുന്ന വഴികൾ അത്ര എളുപ്പമല്ല. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നമ്മെ മാനസികമായും ശാരീരികമായും പ്രതിരോധത്തിന് സജ്ജരാക്കുകയാണ് സംഘം. മേളയോട് അനുബന്ധിച്ച് തയ്യാറാക്കിയ പൊലീസ് പവലിയനിലെ വനിതാ പൊലീസ് സംഘമാണ് പരിശീലനം നൽകുന്നത്.
പ്രദർശനത്തിനെത്തുന്ന സ്ത്രീകളോട് യാത്രചെയ്യുമ്പോൾ തങ്ങൾക്ക് നേരെയുണ്ടാകുന്ന കടന്നുകയറ്റങ്ങൾ, മോഷണശ്രമങ്ങൾ, ശാരീരികമായ അതിക്രമങ്ങൾ എന്നിവയെ വളരെ ആയാസരഹിതമായി എങ്ങനെ നേരിടാമെന്ന് എട്ട് പേരടങ്ങുന്ന സംഘം പരിശീലിപ്പിക്കുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ടാണ് പവലിയനിൽ സ്വയംപ്രതിരോധ പരിശീലനത്തിനായി ഈ പൊലീസുകാർ പ്രവർത്തിക്കുന്നത്. ഇതിന് പുറമെ ടെലി കമ്മ്യൂണിക്കേഷൻ, ഫോറൻസിക് സയൻസ്, ഫിംഗർപ്രിന്റ് ബ്യൂറോ, സ്ത്രീ സുരക്ഷ, പൊലീസിന്റെ വിവിധ ആയുധശേഖരങ്ങൾ, ഡ്രോൺ ഫോറൻസിക് ലാബ് എന്നിവയും പവലിയന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ വൈകുന്നേരങ്ങളിൽ ഡോഗ് ഷോയും അശ്വാരൂഢ സേനയുടെ പ്രകടനവും ഉണ്ടായിരിക്കും.
ഡ്രോണുകളുടെ പ്രത്യേകതകളും അറിയാം
ആകാശനിരീക്ഷണം നടത്തി ആൾക്കൂട്ടത്തിൽ നിന്ന് കൃത്യമായി ഒരാളെ കണ്ടെത്താൻ കഴിയുന്ന സർവൈലൻസ് ഡ്രോണുകളും അവയുടെ പ്രത്യേകതകളും എന്റെ കേരളം മെഗാ എക്സിബിഷനിലെ പൊലീസ് സ്റ്റാളിലെത്തിയാൽ അറിയാം. ഫോറൻസിക് ലാബിൽ വികസിപ്പിച്ചെടുത്ത വിവിധതരം ഡ്രോണുകളാണ് പ്രദർശനത്തിലുളളത്.
നിർമ്മിതബുദ്ധി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സർവൈലൻസ് ഡ്രോണുപയോഗിച്ച് കൃത്യതയോടെ കുറ്റവാളികളെ വലയിലാക്കാൻ പൊലീസിനാകും. ആയിരങ്ങൾ അണിനിരക്കുന്ന ഉത്സവാഘോഷങ്ങളിലും സമരമുഖത്തുമെല്ലാം അതിവേഗം കുറ്റവാളികളിലേക്കെത്താൻ ഇത്തരം ഡ്രോണുകൾ പൊലീസിനെ സഹായിക്കും. ഫെയ്സ് റെക്കഗ്നൈസേഷൻ സംവിധാനമുള്ള കാമറകൾ ഉൾപ്പെടെയാണ് ഇവയുടെ പ്രവർത്തനം.
ഉരുൾപൊട്ടൽ പോലെയുളള പ്രകൃതിദുരന്തങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന ഭൂപ്രദേശങ്ങളിലേക്ക് മരുന്നും ഭക്ഷണവും ഉൾപ്പെടെയുളള അവശ്യസാധനങ്ങൾ അതിവേഗം എത്തിക്കാൻ കഴിയുന്ന ഹെവി ലിഫ്റ്റ് ഡ്രോണുകളും പൊലീസ് സ്റ്റാളിൽ കാണാം. പത്തു മുതൽ പതിനഞ്ചു കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ഈ ഡ്രോണുകൾ ഉപയോഗിച്ച് പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം നടത്തി സഹായമെത്തിക്കാനാകും. ഇവയ്ക്കുപുറമെ ഡ്രോൺ ഫോറൻസിക് ലാബിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പരിശീലന ആവശ്യങ്ങൾക്കായി നിർമ്മിച്ചിരിക്കുന്ന ഡ്രോണുകളും പരിചയപ്പെടാൻ അവസരമുണ്ട്.
വിവിധതരം ഡ്രോണുകളുടെ പ്രത്യേകതകളും അവയുടെ പ്രവർത്തനവുമെല്ലാം ഡ്രോൺ പൈലറ്റ് പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമായി വിശദീകരിച്ചു നൽകും. ഡ്രോൺ ഫോറൻസിക് ലാബ് ആന്റ് റിസർച്ച് സെന്ററിലെ ഓപ്പറേഷൻസ് ഓഫിസർ കൂടിയായ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് പി പ്രകാശിന്റെ നേതൃത്വത്തിലുളള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് ഡ്രോൺ സാങ്കേതികവിദ്യയും ഉപകരണങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നത്.
English Sammury: Ente Keralam Mega Exhibition at kanakakunnu