Site icon Janayugom Online

എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം: റാങ്ക് തിളക്കത്തില്‍ തൃശൂര്‍

എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ റാങ്ക് തിളക്കത്തില്‍ തൃശൂര്‍ ജില്ല. എഞ്ചിനീയറിംഗിലും ഫാര്‍മസിയിലും ഒന്നാം റാങ്കുകള്‍ നേടി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍. എഞ്ചിനീയറിങ്ങിൽ ഒന്നാം റാങ്ക് വടക്കാഞ്ചേരി സ്വദേശി ഫെയിസ് ഹാഷിമും, ഫാര്‍മസിയില്‍ തൃശൂര്‍ അമലനഗര്‍ സ്വദേശി ഫാരിസ് അബ്ദുള്‍ നാസറും എഞ്ചിനീയറിംഗില്‍ എസ് സി വിഭാഗത്തില്‍ ബി അമ്മുവുമാണ് ഒന്നാം റാങ്കുകള്‍ കരസ്ഥമാക്കിയത്.
എഞ്ചിനീയറിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫായിസ് ഹാഷിമിന് കംപ്യൂട്ടർ സയൻസിൽ തുടർപഠനത്തിനൊടോപ്പം കംപ്യൂട്ടർ സയൻസിൽ ഗവേഷണം നടത്തണമെന്നതാണ് താല്‍പ്പര്യം. എന്‍ജിനീയര്‍മാരായിരുന്ന ഹാഷിം- റസിയ ദമ്പതികളുടെ മകനാണ്. തൃശൂര്‍ ദേവമാതാ പബ്ലിക് സ്ക്കൂളിലായിരുന്നു പഠനം. ആദ്യ റാങ്കുകളിലൊന്ന് പ്രതീക്ഷിച്ചിരിന്നെങ്കിലും ഒന്നാം റാങ്ക് കിട്ടുമെന്ന് കരുതിയിരുന്നില്ലെന്നും ഫായിസ് പറഞ്ഞു. ഫാർമസി പരീക്ഷയിൽ റാങ്ക് നേടിയ ഫാരിസും ഫായിസും സഹപാഠികളും ഉറ്റ സുഹൃത്തുക്കളുമാണ്. സഹോദരന്‍ ഫഹദ് ഹാഷിം ഭുവനേശ്വറില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. അഖിലേന്ത്യാതല പ്രവേശന പരീക്ഷാഫലം കാത്തിരിക്കുകയാണ് ഫായിസ്.

അമലനഗർ വിലങ്ങൻ ഹിൽസ്‌റോഡിൽ എലൈറ്റ്‌ മെഡോസിൽ കല്ലായിൽ അബ്ദുൾ നാസറിന്റെയും ഷഹീനയുടെയും മകനാണ് ഫാർമസി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫാരിസ് അബ്ദുൾ നാസർ. നീറ്റ് എൻട്രൻസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ഫാരിസിന് എംബിബിഎസിന് ചേരാനാണ് ആഗ്രഹം. സഹോദരൻ സിഎ ഫൈനൽ പരീക്ഷയ്ക്കായി ഒരുങ്ങുകയാണ്. എൻജിനീയറിംഗിൽ എസ്‌സി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ബി അമ്മു സിവിൽ എൻജിനീയർ ബാലനന്ദന്റെയും തൃശൂർ ഗവ. മെഡിക്കൽ കോളജ് പത്തോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സുമയുടെയും മകളാണ്.

എസ്എസ്എൽസിക്ക് 90 ശതമാനവും പ്ലസ്ടുവിന് 95 ശതമാനം മാര്‍ക്കും നേടിയ അമ്മു കീ ബോർഡ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. സഹോദരി പാർവതി തൃശൂർ ഗവ. മെഡിക്കൽ കോളജിൽ അവസാനവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ്. വിയ്യൂർ പാണ്ടിക്കാവ് റോഡിൽ ഫോള്‌റോൻസ് അപ്പാർട്ട്‌മെന്റിലാണ് താമസം.
73,977 പേര്‍ പരീക്ഷയെഴുതിയതില്‍ 45,629 വിദ്യാര്‍ഥികളാണ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചു. 51,031 വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ജില്ലയില്‍ നിന്നും 4897 വിദ്യാര്‍ത്ഥികളാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്.

 

ENGLISH SUMMARY: Entrance Exam­i­na­tion Results for Engi­neer­ing, Phar­ma­cy and Archi­tec­ture examresult

 

Exit mobile version