Site icon Janayugom Online

അറവുശാലയ്ക്ക് പരിസ്ഥിതി അനുമതി; ഹരിത ട്രൈബ്യൂണല്‍ കേന്ദ്രനിലപാട് തേടി

രാജ്യത്തെ അറവുശാലകള്‍ക്കും, മാംസ സംസ്‌കരണ യൂണിറ്റുകള്‍ക്കും പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കണമെന്ന വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശയില്‍ രണ്ടുമാസത്തിനകം തീരുമാനമെടുത്ത് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം.

ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ അദ്ധ്യക്ഷനായ പ്രിന്‍സിപ്പല്‍ ബെ‍ഞ്ചാണ് പരിസ്ഥിതി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഡോ. എസ് ആര്‍ വാട്ടെ അധ്യക്ഷനായ സമിതിയുടേതാണ് ശുപാര്‍ശ. രണ്ട് മാസത്തിനകം തീരുമാനം അറിയിച്ചില്ലെങ്കില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ വന്‍കിട അറവുശാലകള്‍ക്ക് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാകുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഇടത്തരം അറവുശാലകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. 

അറവുശാലകളുടെ പ്രവര്‍ത്തനം പരിസ്ഥിതിക്ക് ഏറെ ആഘാതമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് ട്രൈബ്യൂണലിന്റെ ഇടപെടല്‍. പരിസ്ഥിതിക്ക് ഏറെ ദോഷമുണ്ടാകാന്‍ സാദ്ധ്യതയുളളതിനാല്‍ റെഡ് വിഭാഗത്തിലാണ് അറവുശാലകളെയും അതോട് അനുബന്ധിച്ചുളള പ്രവൃത്തികളെയും കേന്ദ്ര പരിസ്ഥിതി മലിനീകരണ ബോര്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഹര്‍ജികളില്‍ പറയുന്നു. അതേസമയം, പലരുടെയും നിത്യവൃത്തിക്കുളള ഉപാധിയാണെന്ന് കാണിച്ച്‌ ഓള്‍ ഇന്ത്യ ജംഇയ്യത്തുല്‍ ഖുറേഷ് ആക്ഷന്‍ കമ്മിറ്റി സമര്‍പ്പിച്ച അപേക്ഷ ഹരിത ട്രൈബ്യൂണല്‍ തളളി. 

Eng­lish Summary;Environmental clear­ance for abattoir
You may also like this video

Exit mobile version