പരിസ്ഥിതി ആഘാതം പരിഗണിക്കാതെ തീരദേശ പദ്ധതികള്‍ക്ക് അനുമതി നല്‍കിയെന്ന് സിഎജിയുടെ കണ്ടെത്തല്‍. തിങ്കളാഴ്ച പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
തീരദേശത്ത് തിരമാലകള്‍ ഉയരത്തില്‍ അടിച്ചു കയറുന്ന ഹൈ ടൈഡ് ലൈനില്‍ നിന്നും 500 മീറ്റര്‍ വരെയുള്ള പ്രദേശങ്ങള്‍, വേലിയേറ്റം ജലനിരപ്പില്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന തോടുകള്‍, തടാകങ്ങള്‍, അഴിമുഖങ്ങള്‍, കായല്‍, നദികള്‍ എന്നിവയുടെ നൂറു മീറ്റര്‍ പരിധിയില്‍ വരുന്ന തീരദേശ നിയന്ത്രണ മേഖലാ പ്രദേശങ്ങളിലെ പദ്ധതികളിലാണ് സിഎജി അപാകത കണ്ടെത്തിയിരിക്കുന്നത്.
തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭാവത്തിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ കമ്മിറ്റി ചര്‍ച്ച നടത്തി പദ്ധതികള്‍ക്ക് അനുമതി നല്‍കി. വിദഗ്ധ വിലയിരുത്തല്‍ സമിതി യോഗത്തില്‍ പകുതി അംഗങ്ങളിലധികം പങ്കെടുക്കാത്തപ്പോഴും അനുമതി നല്‍കിയെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.
1986ലെ പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച് തീരപ്രദേശങ്ങളുടെയും സമുദ്ര മേഖലകളുടെയും പരിസ്ഥിതി സംരക്ഷിക്കുന്നതിനും മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്കും മറ്റ് പ്രാദേശിക സമൂഹങ്ങള്‍ക്കും ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിനുമായി സര്‍ക്കാര്‍ 2019ല്‍ തീരദേശ നിയന്ത്രണ മേഖലാ മാനദണ്ഡങ്ങള്‍ വിജ്ഞാപനം ചെയ്തിരുന്നു.
പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ അപാകതകള്‍ നിലനില്‍ക്കുമ്പോഴും പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
English Summary: Environmental impact was not considered for coastal projects
You may like this video also