ഹിന്‍ഡന്‍ബാര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തകര്‍ച്ച നേരിട്ട അഡാനി ഗ്രൂപ്പ് കമ്പനികളിലേക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) നിക്ഷേപം ഒഴുകുന്നു. അഡാനി എന്റര്‍പ്രൈസസ്, അഡാനി പോര്‍ട്സ് ആന്റ് സെസ് കമ്പനികളിലേക്കാണ് ഇപിഎഫ്ഒ നിക്ഷേപം പ്രവഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ദ ഹിന്ദു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ ആരംഭിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തില്‍ എതിര്‍പ്പുണ്ടായില്ലെങ്കില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെ നിക്ഷേപം തുടരുമെന്നും സൂചനയുണ്ട്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെത്തുടര്‍ന്ന് നിക്ഷേപകര്‍ അഡാനി ഗ്രൂപ്പിനെ കയ്യൊഴിയുമ്പോഴാണ് രാജ്യത്തെ തൊഴിലാളികളുടെ നിക്ഷേപമായ ഇപിഎഫ് യഥേഷ്ടം വിട്ടുനല്‍കുന്നത്. രാജ്യത്തെ ഏറ്റവും വലിയ റിട്ടയർമെന്റ് ഫണ്ടാണ് 27.73 കോടി ജീവനക്കാരുടെ സമ്പാദ്യം കൈകാര്യം ചെയ്യുന്ന ഇപിഎഫ്ഒ. എന്നാല്‍ അഡാനി ഗ്രൂപ്പുകളിലുള്ള ഇടിഎഫ് നിക്ഷേപത്തിന്റെ കണക്കുകള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതുസംബന്ധിച്ച് പ്രതികരിക്കാൻ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ നീലം ഷാമി റാവു തയ്യാറായിട്ടില്ല. അഡാനി ഓഹരികളിലെ നിക്ഷേപം സംബന്ധിച്ച് ഇപിഎഫ്‌ഒ ബോർഡ് ട്രസ്റ്റികൾക്കും അറിവില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇപിഎഫ്ഒ 2022 മാർച്ച് വരെ 1.57 ലക്ഷം കോടി രൂപ ഇടിഎഫുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. 2022–23 കാലയളവിൽ പുതിയ വിഹിതത്തിൽ നിന്ന് 38,000 കോടി രൂപയും നിക്ഷേപിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അഡാനി ഓഹരികളുടെ വിലയിലുണ്ടായ തകര്‍ച്ച കണക്കിലെടുക്കുമ്പോൾ ഇപിഎഫ്ഒയുടെ അഡാനി നിക്ഷേപത്തിൽ നിന്നുള്ള വരുമാനം കുറയാനിടയുണ്ട്. ഇത് അംഗങ്ങൾക്ക് നൽകുന്ന വാർഷിക ഇപിഎഫ് പലിശനിരക്കിൽ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വിലയിരുത്തലുണ്ട്. നിലവില്‍ നാല് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കായ 8.1 ശതമാനമാണ് ഇപിഎഫ് പലിശ. ഈ വര്‍ഷത്തെ പലിശനിരക്കുകള്‍ ഇന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രഖ്യാപിക്കും.
ഓഹരി വിലയിലും കണക്കുകളിലും കൃത്രിമം കാട്ടിയെന്ന പരാതിയെത്തുടര്‍ന്ന് സെക്യൂരിറ്റീസ് ആന്റ് എക‌്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അഡാനി കമ്പനികളുടെ ഇടപാടുകള്‍ അന്വേഷിച്ച് വരികയാണ്. സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതിയും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
നിലവിൽ 15 ശതമാനം തുകയാണ് പ്രോവിഡന്റ് ഫണ്ടിൽനിന്ന് ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നത്. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് (ഇടിഎഫ്) നിക്ഷേപം. ഇതിൽ നിഫ്റ്റി 50 ട്രാക്ക് ചെയ്യുന്ന ഇടിഎഫുകളിൽ ആകെ ഇക്വിറ്റി നിക്ഷേപത്തിന്റെ 85 ശതമാനം നീക്കിവച്ചിട്ടുണ്ട്. അഡാനി എന്റർപ്രൈസസ് നിഫ്‌റ്റി 50 സൂചികയിലേക്ക് 2022 സെപ്‌റ്റംബറിൽ ഉള്‍പ്പെടുത്തിയിരുന്നു. അഡാനി പോർട്‌സ് 2015 സെപ്‌റ്റംബർ മുതൽ നിഫ്‌റ്റി 50 സൂചികയിലുണ്ട്. ഈ സാഹചര്യത്തിലാണ് അഡാനി ഓഹരികളിലേക്ക് ഇപിഎഫ്‌ഒ പണം പ്രവഹിക്കുന്നത്.
English Summary: EPFO investment again for Adani
You may also like this video