Site iconSite icon Janayugom Online

വിരമിച്ച എല്ലാ ജഡ്ജിമാർക്കും തുല്യ പെൻഷൻ നൽകണം; സുപ്രീം കോടതി

വിരമിച്ച എല്ലാ ഹൈക്കോടതി ജഡ്ജിമാർക്കും നിയമന തീയതിയോ സ്ഥിരം, അഡീഷണൽ ജഡ്ജി എന്ന വ്യത്യാസമോ ഇല്ലാതെ പൂർണവും തുല്യവുമായ പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. “ഒരു പദവി ഒരു പെൻഷൻ” എന്ന തത്വം മുൻനിർത്തിയാണ് കോടതിയുടെ ഈ സുപ്രധാന വിധി. ജുഡീഷ്യറിയിലുടനീളം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങളിൽ ഏകീകരണം ഉറപ്പാക്കി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ജുഡീഷ്യൽ ഓഫീസിന്റെ അന്തസ്സ് നിലനിർത്തുന്നതിനും ശമ്പളം പോലെ തന്നെ പ്രധാനമാണ് വിരമിക്കൽ ആനുകൂല്യവുമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

വിരമിച്ച ജഡ്ജിമാർക്കിടയിൽ ടെർമിനൽ ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഉണ്ടാകുന്ന ഏതൊരു വിവേചനവും ഭരണഘടനയുടെ ആർട്ടിക്കിൾ 14 ന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, എല്ലാ ഹൈക്കോടതി ജഡ്ജിമാരും, അവർ എപ്പോൾ ജോലിയിൽ പ്രവേശിച്ചു എന്നത് പരിഗണിക്കാതെ, പൂർണ്ണ പെൻഷന് അർഹരാണെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. അഡീഷണൽ ജഡ്ജിമാരായി സേവനമനുഷ്ഠിച്ച വിരമിച്ച ജഡ്ജിമാർക്കും സ്ഥിരം ജഡ്ജിമാർക്ക് തുല്യമായ പൂർണ്ണ പെൻഷന് അർഹതയുണ്ട്. ഇരുവർക്കുമിടയിൽ യാതൊരു വ്യത്യാസവുമില്ലെന്നും കോടതി വ്യക്തമാക്കി. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് പ്രതിവർഷം 15 ലക്ഷം രൂപ പൂർണ്ണ പെൻഷൻ നൽകണമെന്നും ചീഫ് ജസ്റ്റിസ് ഗവായ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ഈ വിധിന്യായം ജുഡീഷ്യറിയിലുടനീളം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങളിൽ ഏകീകരണം ഉറപ്പാക്കും.

Exit mobile version