സംവിധായകൻ മേജർ രവി ഉറപ്പാക്കിയ എറണാകുളം സീറ്റ് ഒടുവിൽ വഴി മാറിയതിനെച്ചൊല്ലി ബിജെപിയിൽ കലഹം. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണനാണ് മണ്ഡലത്തിൽ നറുക്ക് വീണിരിക്കുന്നത്. എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും സ്ഥാനാർത്ഥിയെ നിശ്ചയിക്കാതെ, അണികളെ മുൾമുനയിൽ നിർത്തി ദേശീയ നേതൃത്വം ആലോചനയിൽ മുഴുകിയത് കെ എസ് രാധാകൃഷ്ണനെ കണ്ടെത്താനായിരുന്നോ എന്നാണ് കീഴ്ഘടകങ്ങളിൽ നിന്നുയരുന്ന ചോദ്യം.
സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്ക് അപ്രാപ്യനാണ് മുൻ കോൺഗ്രസുകാരനും മുൻ പിഎസ്\സി ചെയർമാനുമായ കെ എസ് രാധാകൃഷ്ണൻ എന്നതാണ് അണികളിൽ അസംതൃപ്തി ഉളവാക്കിയിരിക്കുന്നതിന്റെ ഒരു കാര്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്ന രാധാകൃഷ്ണന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെ പോയതും പലരും ചൂണ്ടിക്കാണിക്കുന്നു. ഫണ്ട് വിനിയോഗത്തെച്ചൊല്ലി പരസ്യമായ ചില അഭിപ്രായപ്രകടനങ്ങളും നേതൃത്വത്തിനെതിരെ രാധാകൃഷ്ണനിൽ നിന്നുണ്ടായതും പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.
സ്ഥാനാർത്ഥി നിർണയം നീളുന്നതിനിടയ്ക്കുള്ള മേജർ രവിയുടെ അപ്രതീക്ഷിത രംഗപ്രവേശവും പാർട്ടി പറഞ്ഞാൽ എറണാകുളത്ത് മത്സരിക്കാൻ സന്നദ്ധനാണെന്ന മാധ്യമ പ്രവർത്തകരോടുള്ള പ്രതികരണവുമൊക്കെ, അദ്ദേഹം തന്നെ എറണാകുളത്തെ സ്ഥാനാർത്ഥി എന്ന ധാരണയാണ് അണികളിലുണ്ടാക്കിയത്. സംസ്ഥാനത്തുനിന്ന് ദേശീയ നേതൃത്വത്തിന് പോയ ലിസ്റ്റിലും മേജർ രവിയുടെ പേരുണ്ടായിരുന്നു. അവസാനം നടന്ന മാറ്റിമറിച്ചിൽ പ്രവർത്തകരിൽ വലിയ നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വലിയ മോഹങ്ങളുമായി പലകാലങ്ങളിൽ സിനിമാ രംഗത്തുനിന്ന് ബിജെപിയില്‍ എത്തിയവരെയും പ്രവർത്തകർ ഓർക്കുന്നു. രാജസേനൻ, വീരസിംഹൻ എന്ന അലി അക്ബർ, ഭീമൻ രഘു, കൊല്ലം തുളസി, തുളസീദാസ്, ദേവൻ തുടങ്ങിയവരിൽ പലരും ഇന്ന് പാർട്ടിയിലില്ല. അവശേഷിക്കുന്നവരാകട്ടെ നിര്‍ജീവവും. ആ പട്ടികയിൽ അവസാനത്തെ ആളാകാനാണ് മേജർ രവിയുടെയും ഗതി എന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്.
English Summary: ernakulam bjp candidate controversy
You may also like this video

