പൊതുവിതരണ വകുപ്പ് തുടക്കം കുറിച്ച തെളിമ പദ്ധതി റേഷൻ കാർഡുകളിലെ പിശകുകൾ പൂർണമായി പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. നവീകരിച്ച ജില്ലാ സപ്ലൈ ഓഫീസിന്റെയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള സ്നേഹ അത്താഴം പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തെറ്റു തിരുത്തുന്നതിനു പുറമെ ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ റേഷൻ കാർഡിൽ ചേർക്കുന്നതിനും അവസരമുണ്ട്.
തിരുത്തലിന് മുൻ കാലങ്ങളിലേതു പോലെ ഫീസ് നൽകേണ്ടതില്ല. ഡിസംബർ 15 വരെ മതിയായ രേഖകൾക്കൊപ്പം റേഷൻ കടകളിലെ പരാതിപ്പെട്ടികളിൽ നിക്ഷേപിച്ചാൽ മതിയാകും. തിരുത്തൽ നടപടികൾ പൂർത്തീകരിച്ച് ജനുവരി ഒന്നിന് എ ടി എം കാർഡ് മാതൃകയിലുള്ള കാർഡുകളുടെ വിതരണം ആരംഭിക്കുകയാണ് ലക്ഷ്യം. ബില്ലുകൾ അടയ്ക്കുന്നത് ഉൾപ്പെടെ കൂടുതൽ സേവനങ്ങൾ ഈ കാർഡ് മുഖേന ജനങ്ങൾക്ക് ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. മിനി റേഷൻ കാർഡ് വിതരണം ജില്ലാ കളക്ടർ എ അലക്സാണ്ടർക്ക് നൽകി മന്ത്രി ഉദ്ഘാടനം ചെയ്തു. മുൻഗണനാ വിഭാഗത്തിലുള്ള ഗുണഭോക്താക്കൾക്കും കാർഡുകൾ നൽകി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള സ്നേഹ അത്താഴം പദ്ധതിയുടെ വാഹനം മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷത വഹിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ ഡോ. ഡി സജിത്ത് ബാബു, ജില്ലാ കളക്ടർ എ അലക്സാണ്ടർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ജില്ലാ സപ്ലൈ ഓഫീസർ എം എസ് ബീന, പൊതുവിതരണ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി പി മുരളീധരൻ നായർ, സ്നേഹ അത്താഴം പദ്ധതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫാ. സേവ്യർ കുടിയാംശേരി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു ശേഷം നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി മന്ത്രി എഫ് സി ഐ ഗോഡൗൺ സന്ദർശിച്ചു.