Site iconSite icon Janayugom Online

കര്‍ണാടകയില്‍ ഈശ്വരപ്പ ഇടഞ്ഞു; ബിജെപി പ്രതിസന്ധിയില്‍

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ കര്‍ണാടക ബിജെപിയില്‍ വന്‍ കലാപം. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് പ്രതീക്ഷയുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രശ്നങ്ങള്‍ അവര്‍ക്ക് വന്‍ തിരിച്ചടിയായി മാറി. സഖ്യകക്ഷികളുമായുള്ള സീറ്റ് ധാരണയും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സീറ്റ് തര്‍ക്കത്തിനൊടുവില്‍ മുതിര്‍ന്ന നേതാവ് കെഎസ് ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് പ്രഖ്യാപനം. തന്റെ മകന്‍ കെ ഇ കാന്തേഷിന് ഹവേരി മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനാല്‍ ഷിമോഗ സീറ്റില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ഈശ്വരപ്പയുടെ ഭീഷണി. യെദ്യൂരപ്പയുടെ മകനും സിറ്റിങ് എംപിയുമായ ബി വൈ യെദ്യൂരപ്പയാണ് ഷിമോഗയില്‍ ബിജെപി സ്ഥാനാര്‍ത്ഥി. ഇവിടെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകള്‍ ഗീതാ ശിവരാജ് കുമാറാണ് എതിര്‍ സ്ഥാനാര്‍ത്ഥി.

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ആന്റ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി അംഗമായ യെദ്യൂരപ്പ വാക്കുതന്നു ചതിച്ചെന്നാണ് ഈശ്വരപ്പയുടെ ആരോപണം. ബൊമ്മെയ്ക്കും കേന്ദ്രമന്ത്രി ശോഭാ കരന്ത്‌ലജേക്കും സീറ്റ് ഉറപ്പാക്കിയ യെദ്യൂരപ്പ തന്റെ മകനെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ശിവമൊഗ്ഗ മണ്ഡലത്തില്‍ മകന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചും ഈശ്വരപ്പ പാര്‍ട്ടി വിടാന്‍ ഒരുങ്ങിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രശ്‌നം പരിഹരിക്കാമെന്ന സമവായത്തിലാണ് ഈശ്വരപ്പയെ അന്ന് ബിജെപി ദേശീയ നേതൃത്വം പിടിച്ചു നിര്‍ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഫോണില്‍ വിളിച്ച് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
ബിജെപി സഖ്യത്തില്‍ ചേര്‍ന്ന ജെഡിഎസ് മൂന്നു സീറ്റിനു വേണ്ടി കടുംപിടിത്തം ശക്തമാക്കുകയും ചെയ്തതോടെ എന്‍ഡിഎ സഖ്യത്തിലും അസ്വാസ്ഥ്യം പുകയുകയാണ്. മാണ്ഡ്യ ലോക്‌സഭാ സീറ്റിനെ ചൊല്ലിയാണ് മുന്നണിയിലെ പ്രധാന തര്‍ക്കം. സീറ്റ് വിട്ടുനല്‍കില്ലെന്ന പിടിവാശിയില്‍ ജെഡിഎസ് ഉറച്ചുനിന്നതോടെ ബിജെപി ഹൈക്കമാന്‍ഡ് നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളെല്ലാം അലസിപ്പിരിഞ്ഞു.

മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ 25ന് പ്രഖ്യാപിക്കുമെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി അറിയിച്ചു. 2019ല്‍ സുമലത അംബരീഷിനോട് പരാജയപ്പെട്ട കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിതന്നെയാകും സ്ഥാനാര്‍ത്ഥിയായി എത്തുക. കുമാരസ്വാമി തന്നെ അങ്കത്തിനിറങ്ങാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപിയില്‍ ചേര്‍ന്ന സുമലത വെട്ടിലായി. 2019ല്‍ മാണ്ഡ്യയില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച സുമലത പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. എന്നാല്‍ ജെഡിഎസ് മുന്നണിയിലെത്തിയതോടെ മണ്ഡലം നഷ്ടമാകുന്ന സാഹചര്യമാണ് സുമലത നേരിടുന്നത്.

Eng­lish Sum­ma­ry: Esh­warap­pa stayed in Kar­nata­ka; BJP in crisis
You may also like this video

Exit mobile version