ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ചാരവൃത്തി കേസില്‍ കുടുങ്ങിയതിന് പിന്നാലെ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനും ചാരവൃത്തിക്കേസില്‍ അറസ്റ്റില്‍. വിദേശകാര്യ വകുപ്പിലെ പല സുപ്രധാന വിവരങ്ങളും പാകിസ്ഥാന് കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട് നവീന്‍ പാല്‍ എന്ന വ്യക്തിയെയാണ് ഗാസിയബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് പൊലീസിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. വിദേശകാര്യ വകുപ്പില്‍ എംടിഎസ് (മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് )ആയി ജോലി നോക്കുകയാണ് നവീന്‍ പാല്‍. സ്ത്രീയെന്ന വ്യാജേന അടുപ്പത്തിലായ പാകിസ്ഥാന്‍ ചാരസംഘടന ഐഎസ്ഐയുടെ ഏജന്റിന് നവീന്‍ പാല്‍ ജി20 ഉച്ചകോടിയുടെ വിവരങ്ങള്‍ അടക്കം കൈമാറിയെന്ന് പൊലീസ് പറയുന്നു. ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ട് വഴി നിരവധി ഇടപാടുകള്‍ നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് രഹസ്യന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
കൊല്‍ക്കത്ത സ്വദേശിയായ അഞ്ജലി എന്ന വ്യാജേന ഹണിട്രാപ്പില്‍ കുടുക്കിയാണ് പാകിസ്ഥാന്‍ ചാരസംഘടന നവീന്‍ പാലില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്. വാട്സ് അപ്പ് വഴിയാണ് രേഖകള്‍ കൈമാറ്റം നടത്തിയതെന്നും പൊലീസ് വെളിപ്പെടുത്തുന്നു. യുവതിയുടെ നമ്പർ ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ളതാണെന്നാണ് ആദ്യം കണ്ടെത്തിയത്. എന്നാൽ, നമ്പറിന്റെ ഐപി വിലാസം പരിശോധിച്ചപ്പോൾ ഇത് കറാച്ചിയിൽ നിന്നുള്ളതാണെന്ന് തെളിഞ്ഞു.
നവീന്റെ മൊബൈൽ ഫോണിൽ നിന്ന് വിദേശകാര്യ മന്ത്രാലയവും ജി20യുമായി ബന്ധപ്പെട്ട നിരവധി രേഖകളും പോലീസ് കണ്ടെടുത്തു. ‘സീക്രട്ട്’ എന്ന പേരിലാണ് ഫയലുകൾ സൂക്ഷിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ അൽവാറിൽ നിന്നുള്ള ഒരു സ്ത്രീ നവീന്റെ അക്കൗണ്ടിലേക്ക് കുറച്ച് തുക കൈമാറിയതായും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ശുഭം പട്ടേല്‍ പറഞ്ഞു.
English Summary: Espionage: External Affairs Department employee caught in honeytrap and passed on G20 information
You may also like this video

