Site iconSite icon Janayugom Online

പാകിസ്ഥാനുവേണ്ടി ചാരവൃത്തി; മൂന്ന് സംസ്ഥാനങ്ങളില്‍ അറസ്റ്റ് തുടരുന്നു

പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഒമ്പത് പേരെ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് പിടികൂടി. ഹരിയാന (നാല്), പഞ്ചാബ് (മൂന്ന്), ഉത്തര്‍പ്രദേശ് (ഒന്ന്) എന്നിങ്ങനെയാണ് അറസ്റ്റ്. പാകിസ്ഥാനുമായി സഹകരിച്ച് ചാരവൃത്തി നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുട്യൂബറായ ജ്യോതി മൽഹോത്ര എന്ന യുവതിയെ പൊലീസ് പിടികൂടിയിരുന്നു. ‘ട്രാവൽ വിത്ത് ജോ’ എന്ന യുട്യൂബ് ചാനൽ ഉടമയാണ് ജ്യോതി മൽഹോത്ര. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ്. 33കാരിയായ ഇവർ പാകിസ്ഥാൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധത്തിലായിരുന്നു. ജ്യോതി രണ്ട് തവണ പാകിസ്ഥാൻ സന്ദർശനം നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. തുടര്‍ന്ന് നിരവധി സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാര്‍ നിരീക്ഷണത്തിലുണ്ട്.
പട്യാലയിലെ ഖൽസ കോളജിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ് 25കാരനായ ദേവേന്ദ സിങ് ധില്ലൺ. മേയ് 12ന് ഫേസ്ബുക്കിൽ തോക്കുകളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തതിനെ തുടർന്നാണ് പൊലീസ് ദേവേന്ദറിനെ അറസ്റ്റ് ചെയ്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ദേവേന്ദർ സിങ് പാകിസ്ഥാനിലേക്ക് പോയതായും പട്യാല മിലിറ്ററി കണ്ടോൺമെന്റിന്റെ ഫോട്ടോകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പാക് ചാര സംഘടനയായ ‘ഇന്റർ സർവീസ് ഇന്റലിജൻസിന്’ കൈമാറിയതായും ദേവേന്ദർ സിങ് സമ്മതിച്ചിട്ടുണ്ട്.

ഹരിയാനയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന 24കാരനാണ് നൗമാൻ ഇലാഹിയെ പാനിപ്പത്തിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. പാകിസ്ഥാന് വിവരങ്ങൾ നൽകിയതിന്റെ ഭാഗമായി സഹോദരീ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് പാകിസ്ഥാനിൽ നിന്ന് പണം വന്നതായി പൊലീസ് പറഞ്ഞു. മേയ് 16ന് ഹരിയാനയിലെ നൂഹിൽ നിന്നാണ് 23കാരനായ അർമാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്ത് പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയതിനാലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. നൂഹിൽ നിന്ന് ഇന്ന് താരിഫ് എന്നയാളും പിടിയിലായി. പാകിസ്ഥാൻ വാട്സ്ആപ്പ് നമ്പറുകളിൽ നിന്നുള്ള ഡാറ്റകൾ ഇയാളുടെ ഫോണിൽ നിന്നും ലഭിച്ചതായാണ് റിപ്പോർട്ട്. 

ഉത്തർപ്രദേശിലെ റാംപൂരിലെ ബിസിനസുകാരനായ ഷഹ്‌സാദിനെ ഞായറാഴ്ച മൊറാദാബാദിൽ വച്ചാണ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ‌്ടിഎഫ്) അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ ഷഹ്സാദ് പാകിസ്ഥാന് കൈമാറിയതായി എസ‌്ടിഎഫ് പറഞ്ഞു.
ജലന്ധറിൽ ഗുജറാത്ത് പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് മുഹമ്മദ് മുർതാസ അലി അറസ്റ്റിലായത്. സ്വയം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ വഴി ഐഎസ്ഐക്ക് മുർതാസ അലി വിവരങ്ങൾ കൈമാറിയിരുന്നു. കൂടാതെ സമാനമായ കേസുകളിൽ പഞ്ചാബിൽ നിന്ന് ഗസാല, യാമിൻ മുഹമ്മദ് എന്നീ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Exit mobile version