Site iconSite icon Janayugom Online

ചാരവൃത്തി: കൊച്ചി കപ്പല്‍ശാലയില്‍ ഒരാൾ പിടിയിൽ

കൊച്ചി കപ്പൽശാലയിലെ പ്രധാനവിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഒരു കരാർ ജീവനക്കാരനെ എന്‍ഐഎ കസ്‌റ്റഡിയിൽ എടുത്തു. കപ്പൽശാലയിൽ എത്തിയ ഹൈദരാബാദ് എന്‍ഐഎ യൂണിറ്റ് വിവിധ രേഖകൾ പരിശോധിച്ചു. പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ജീവനക്കാരനില്‍ നിന്നും ചോര്‍ന്നതായി സംശയിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കപ്പല്‍ശാലയിലെ പരിശോധനയ്ക്ക് ശേഷം ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലും സംഘം പരിശോധന നടത്തി. രണ്ട് വര്‍ഷം മുമ്പ് ഒരു അഫ്ഗാന്‍ പൗരന്‍ അസം സ്വദേശിയെന്ന വ്യാജേന കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്ത കേസും എന്‍ഐഎയാണ് അന്വേഷിക്കുന്നത്. ഇയാള്‍ പ്രതിരോധ വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറിയെന്നാണ് സംശയിക്കപ്പെടുന്നത്. 

സംസ്ഥാന പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ഈ കേസുമായും പുതിയ സംഭവങ്ങള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. 2023 മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ പത്ത് വരെയുള്ള കാലയളവില്‍ എയ്ജല്‍ പായല്‍ എന്ന ഫേസ്ബുക്ക് പേജിലേക്ക് പ്രതിരോധ കപ്പലുകളുടെ അകത്തെ ദൃശ്യങ്ങള്‍ അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കപ്പല്‍ശാലയിലെ കരാര്‍ തൊഴിലാളി ശ്രീനിഷ് പൂക്കോടിനെ 2023 ഡിസംബറില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version