Site iconSite icon Janayugom Online

വംശവിശുദ്ധി ഇന്ത്യയുടെ സംസ്കാരത്തിലില്ല

ആർഎസ്എസ് നിയന്ത്രിക്കുന്ന മോഡി സർക്കാർ എട്ട് വർഷം പൂർത്തിയാക്കിയിരിക്കുന്നു. പ്രധാനമന്ത്രി മോഡിയും സംഘവും തങ്ങളുടെ ‘അതിഗംഭീര’ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ സർവ മാർഗങ്ങളും സജ്ജമാക്കിയിരുന്നു. കുപ്രചരണങ്ങളുടെ ജാലവിദ്യയിൽ സാധാരണജനതയുടെ വ്യഥയും സങ്കടങ്ങളും തന്ത്രപൂർവം മറയ്ക്കുന്നു. പോയ എട്ടു വർഷങ്ങളിൽ, ആഭ്യന്തര‑വിദേശ മൂലധന ശക്തികളുടെ അത്യാഗ്രഹത്തെ സേവിക്കുകയായിരുന്നു ‘ആത്മനിർഭർ’ സർക്കാർ. ദേശീയ ആസ്തിയുടെ 57 ശതമാനവും രാജ്യജനസംഖ്യയുടെ 10 ശതമാനംപേര്‍ കൈവശപ്പെടുത്തിയിരിക്കുന്നു. എട്ടുവർഷത്തെ മോഡി ഭരണത്തിന്റെ സാമൂഹിക‑സാമ്പത്തിക ഉണ്മയാണിത്. രാജ്യജനസംഖ്യയുടെ 50 ശതമാനം ദേശീയ സമ്പത്തിന്റെ 13 ശതമാനം മാത്രമാണ് കയ്യാളുന്നതും. ആർഎസ്എസ് — ബിജെപി ഭരണം ഹിന്ദുരാഷ്ട്രം രൂപവല്കരിക്കുക എന്ന തങ്ങളുടെ പ്രത്യയശാസ്ത്ര അജണ്ട സാധ്യമാക്കാനുള്ള വ്യഗ്രതയിലാണ്. ചാതുർവർണ്യത്തിന്റെ രാഷ്ട്രീയ പതിപ്പാണ് അവരുടെ ഹിന്ദുരാഷ്ട്രം. ദളിതരും ആദിവാസികളും ഇതര പിന്നാക്ക വിഭാഗങ്ങളും ഈ സ്വപ്നരാഷ്ട്രത്തിന്റെ അതിരുകൾക്കുള്ളിലില്ല. ബിജെപിയുടെ നിർദേശം എല്ലാ മന്ത്രാലയങ്ങളും ഹിന്ദുരാഷ്ട്രമെന്ന ആർഎസ്എസ് സങ്കല്പത്തെ പിന്തുണയ്ക്കേണ്ടതും അതിനുതകുന്ന പ്രത്യേക പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വേണമെന്നാണ്. ആർഎസ്എസിന്റെ വർഗീയ ഫാസിസ്റ്റ് കളിക്കളത്തിൽ രാജ്യത്തിന്റെ മതേതര ഘടന നിരന്തരം ആക്രമിക്കപ്പെടുന്നു. സംഘപരിവാറിന്റെ പദ്ധതിയിൽ തങ്ങളുടേതായ പങ്ക് നിറവേറ്റാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയവും ഇപ്പോൾ പച്ചയായി കളിക്കളത്തിലിറങ്ങിയിരിക്കുന്നു. ആർഎസ്എസ് പാഠ്യരേഖകളുടെ അടിസ്ഥാനം ‘സാംസ്കാരിക ദേശീയത’യിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഈ പാഠം അടിസ്ഥാനമാക്കി ഇന്ത്യയുടെ ജനിതക ചരിത്രം സ‍ൃഷ്ടിക്കുന്നതിനുള്ള ഒരു പദ്ധതി സാംസ്കാരിക മന്ത്രാലയം ആരംഭിച്ചിട്ടുമുണ്ട്. രാജ്യത്തെ വംശങ്ങളുടെ ശുദ്ധി അറിയുകയാണ് ഉദ്ദേശ്യം. ഡിഎൻഎ പ്രൊഫൈലിങ് കിറ്റുകളും അത്യാധുനിക യന്ത്രസാമഗ്രികളും ഇതിനായി ഉപയോഗിക്കാൻ ഭരണകൂടം മുന്നിട്ടിറങ്ങിയിരിക്കുന്നു.


ഇതുകൂടി വായിക്കാം; ദുരിതജീവിതത്തിന്റെ, പരാജയത്തിന്റെയും എട്ടുവര്‍ഷങ്ങള്‍


കഴിഞ്ഞ 10,000 വർഷങ്ങളിൽ ഇന്ത്യൻ ജനസംഖ്യയിൽ ജീനുകളുടെ ഉൾപരിവർത്തനവും മിശ്രണവും എങ്ങനെ സംഭവിച്ചു എന്ന് അറിയുക മാത്രമാണ് വംശശുദ്ധി വഴികളുടെ ലക്ഷ്യം എന്നാണ് സംഘപരിവാർ‑ഭരണകൂട ന്യായീകരണം. ജനിതക പരിവർത്തനം സംഭവിക്കുന്നത് നീണ്ട സഹവർത്തിത്വ ജീവിതത്തിൽ ജനവിഭാഗങ്ങൾ തമ്മിലുള്ള സമ്പർക്കത്തിന്റെ തീവ്രതയിലാണ്. അതിനെ വംശങ്ങളുടെ ശുദ്ധിയുമായി ബന്ധിപ്പിക്കുന്നത് വംശീയ മേധാവിത്വത്തെക്കുറിച്ചുള്ള ഫാസിസ്റ്റ് ധാരണയ്ക്ക് തുല്യമായ പൈശാചികമായ നീക്കമാണ്. അണിഞ്ഞിരുന്ന മുഖംമൂടി അഴിച്ചുമാറ്റി ആർഎസ്എസ്-ബിജെപി സർക്കാർ നാസി സർക്കാരിന്റെ കാൽപ്പാടുകൾ പിന്തുടരുന്നു. ഇതിനെ ദേശസ്നേഹമായി പ്രകീർത്തിക്കുന്നു. ആധുനിക ചരിത്രത്തിൽ, വംശങ്ങളുടെ ശുദ്ധിയെ വാഴ്ത്തിയത് ഹിറ്റ്ലർ ആയിരുന്നു. തന്റെ ഫാസിസ്റ്റ് ആക്രമണത്തിന്റെ ഭാഗമായി, ആര്യന്മാർ വംശ ശ്രേണിയുടെ മുകളിൽ നിൽക്കുന്നുവെന്ന സിദ്ധാന്തം അദ്ദേഹം പ്രചരിപ്പിച്ചു, ലോകത്തെ നയിക്കാൻ വിധിക്കപ്പെട്ട യജമാന വംശം എന്ന് അദ്ദേഹം അവരെ വിശേഷിപ്പിച്ചു. യഹൂദരും ക്രിസ്ത്യാനികളും തുടങ്ങി യജമാന വംശത്തിന് അശുദ്ധി വരുത്തുന്നവരുടെ പട്ടിക തീർത്തു ഹിറ്റ്ലർ. അവർ രാജ്യത്തിന് ആഭ്യന്തര ഭീഷണിയാണെന്നാണ് വിശേഷിപ്പിച്ചത്. അഡോൾഫ് ഹിറ്റ്ലർ തന്റെ ആത്മകഥാപരമായ ‘മെയിൻ കാംഫ്’ എന്ന പുസ്തകത്തില്‍ ജൂതന്മാരിൽ നിന്നും കമ്മ്യൂണിസ്റ്റുകാരിൽ നിന്നും അക്കമിട്ടു തുടങ്ങി. മുസോളിനി സംഘടിപ്പിച്ച ഇറ്റാലിയൻ നാസി പാർട്ടിയുടെ ആത്മീയവും ഭൗതികവുമായ അച്ചിൽ ഇന്ത്യയിൽ സ്ഥാപിതമായ ആർഎസ് എസ് ആകട്ടെ ജർമ്മൻ ഫാസിസത്തിൽ എന്നും അഭിമാനിച്ചിരുന്നു. അവർക്ക് പൊതുവായിരുന്നത് വംശീയ മേധാവിത്വത്തിന്റെ അടിസ്ഥാന ആശയമായിരുന്നു. അതിന്റെ സ്വാധീനത്തിൽ, അവർ വംശീയ വിശുദ്ധിയുടെ ആദർശം പരിപോഷിപ്പിക്കുകയും മറ്റുള്ളവർ’ എന്ന പ്രഘോഷണപദത്തിലൂടെ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം വളർത്തുകയും ചെയ്തു. ആർഎസ്എസ് സൈദ്ധാന്തികനായ എം എസ് ഗോൾവാൾക്കർ തന്റെ പുസ്തകമായ ‘വിചാരധാര’യിൽ ഹിറ്റ്ലറുടെ ജർമ്മനിയെ മാതൃകയായി ചിത്രീകരിച്ചു. വംശീയാഭിമാനം അതിന്റെ പാരമ്യത്തിലേക്ക് ഉയർത്തിയത് ഹിറ്റ്ലറാണ്, ഗോൾവാൾക്കർ ചൂണ്ടിക്കാട്ടി.


ഇതുകൂടി വായിക്കാം; ചരിത്രത്തോട് മുഖംതിരിക്കരുത്


ഹിറ്റ്ലറെ പിന്തുടർന്ന് ഗോൾവാൾക്കർ മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും രാജ്യത്തിന്റെ ആഭ്യന്തര ഭീഷണികളെന്ന് വിശേഷിപ്പിച്ചു. വംശീയ അഹന്തയും ഇതര മതങ്ങളോടുള്ള വിദ്വേഷവുമാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്ര അടിത്തറയായ ഹിന്ദുത്വയുടെ ആണിക്കല്ല്. പേരിലെ സാമ്യമല്ലാതെ അതിന് ഹിന്ദുമതവുമായി ബന്ധവുമില്ല. പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി) നടപ്പിലാക്കാൻ വെമ്പുന്നവർക്ക്, വംശീയ ശുദ്ധിയുടെ സിദ്ധാന്തം നിരന്തര പ്രചോദനമാണ്. പൗരത്വത്തിനുള്ള പ്രധാന വ്യവസ്ഥയായി മതം കൊണ്ടുവരിക എന്നതായിരുന്നു അവരുടെ ആശയം. നാനാത്വത്തിൽ ഏകത്വം എന്ന ചിന്തയും ആശയവും മാറ്റാനാവാത്ത അടിത്തറയായി നെഞ്ചേറ്റുന്ന ഒരു മതേതര ജനാധിപത്യ രാജ്യത്തിന് ഇത് പരിചിതമല്ലാത്തതാണ്. ജനിതക ചരിത്രം സ്ഥാപിക്കാനും വംശങ്ങളുടെ ശുദ്ധി കണ്ടെത്താനും സാംസ്കാരിക മന്ത്രാലയം ഡിഎൻഎ പ്രൊഫൈലിങ് മെഷീനുകൾക്കായി പോകുമ്പോൾ, അത് രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്ന വിനാശകരമായ നീക്കമാകും. ആയിരക്കണക്കിന് വർഷങ്ങളായി വിവിധ വംശങ്ങൾ ഇടകലർന്ന് പരിണമിച്ച വ്യത്യസ്ത സംസ്കാരങ്ങളുടെ കേദാരമാണ് ഭാരതം. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ദുർബലപ്പെടുത്തുന്ന ഏതൊരു നടപടിയും ഇന്ത്യയുടെ ഐക്യത്തെ ദുർബലപ്പെടുത്തും. നാനാത്വത്തിൽ ഏകത്വത്തോടെ മാത്രമേ ഇന്ത്യക്ക് നിലനിൽക്കാനും വളരാനും കഴിയൂ. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ തെറ്റായി വ്യാഖ്യാനിക്കാൻ സാംസ്കാരിക മന്ത്രാലയം മുന്നിട്ടിറങ്ങിയിരിക്കുന്നു. വംശശുദ്ധി എന്ന ഫാസിസ്റ്റ് സിദ്ധാന്തം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് ശ്രമം. എല്ലാ മതനിരപേക്ഷ ശക്തികളും യോജിച്ച പോരാട്ടത്തിലൂടെ ഇതിനെ ചെറുക്കേണ്ടത് അനിവാര്യമാണ്.

You may also like this video;

Exit mobile version