Site iconSite icon Janayugom Online

യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ രാജ്യത്തിന് ഭീഷണി: സിപിഐ

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവയ്ക്കാനൊരുങ്ങുന്ന സ്വതന്ത്ര വ്യാപാര കരാറിനെതിരെ (എഫ്ടിഎ) ശക്തമായ പ്രതിഷേധവുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ. കരാർ ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തെയും സാധാരണക്കാരുടെ ജീവിതത്തെയും തകർക്കുമെന്ന് പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നൽകി.
യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ കർഷകർക്ക് വൻതോതിൽ സബ്‌സിഡി നൽകുന്നുണ്ട്. കരാർ നടപ്പിലാകുന്നതോടെ അവിടെ നിന്നുള്ള കാർഷികോല്പന്നങ്ങളും പാലുല്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ വിപണിയിൽ എത്തും. ഇത് നമ്മുടെ കർഷകരെ കടക്കെണിയിലാക്കുമെന്നും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും സിപിഐ ചൂണ്ടിക്കാട്ടി. ഇറക്കുമതി തീരുവകൾ ഒഴിവാക്കുന്നത് ചെറുകിട — ഇടത്തരം വ്യവസായ മേഖലയെ (എംഎസ്എംഇ) തകർക്കുകയും ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽനഷ്ടമുണ്ടാക്കുകയും ചെയ്യും.
ഇന്ത്യയിലെ ജനറിക് മരുന്ന് നിർമ്മാണ മേഖലയെ കരാർ ദോഷകരമായി ബാധിക്കും. യൂറോപ്യൻ യൂണിയന്റെ കർശനമായ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ നടപ്പിലാക്കാൻ സമ്മർദമുണ്ട്. ഇത് നമ്മുടെ രാജ്യത്ത് ഉല്പാദിപ്പിക്കുന്ന കുറഞ്ഞ നിരക്കിലുള്ള മരുന്നുകളുടെ ലഭ്യത കുറയ്ക്കാനും സാധാരണക്കാർക്ക് അപ്രാപ്യമാക്കാനും ഇടയാക്കും.
കരാറിന്റെ ഭാഗമായി ഇന്ത്യ — മിഡിൽ ഈസ്റ്റ് — യൂറോപ്പ് സാമ്പത്തിക ഇടനാഴി ശക്തിപ്പെടുത്താനുള്ള നീക്കത്തെയും സിപിഐ എതിർത്തു. ഇസ്രയേലിലെ ഹൈഫ തുറമുഖത്തെ പ്രധാന വിനിമയ കേന്ദ്രമാക്കുന്നത് ഇതിന്റെ ഭാഗമാണ്. ഗാസയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടും ഇസ്രയേലിനെതിരെ പ്രതിഷേധം ഉയരുമ്പോൾ, അവരുമായി കൂടുതൽ സാമ്പത്തിക ബന്ധമുണ്ടാക്കുന്നത് തെറ്റായ സന്ദേശമാണ്.
ചർച്ചകൾ ഉടൻ നിർത്തിവയ്ക്കണമെന്നും കരാറിന്റെ എല്ലാ രേഖകളും പാർലമെന്റിൽ വിശദമായി ചർച്ച ചെയ്യണമെന്നും സിപിഐ ആവശ്യപ്പെട്ടു. വിദേശ കമ്പനികളുടെ ലാഭത്തിന് വേണ്ടി രാജ്യത്തെ കർഷകരെയും തൊഴിലാളികളെയും വഞ്ചിക്കാൻ അനുവദിക്കില്ലെന്നും, ഇതിനെതിരെ ജനകീയ പ്രക്ഷോഭം ഉയരണമെന്നും പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. 

Exit mobile version