Site iconSite icon Janayugom Online

ബിജെപി സംസ്ഥാനങ്ങളില്‍ ‌സൗജന്യ റേഷന്‍ വിതരണത്തില്‍ വെട്ടിപ്പ് ; പാഴായത് 69,000 കോടി രൂപ

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണ പദ്ധതിയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തീവെട്ടിക്കൊള്ള. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരം വിതരണം ചെയ്യേണ്ട ഭക്ഷ്യവസ്തുക്കളിലാണ് ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വെട്ടിപ്പ് നടന്നത്.
ഉത്തര്‍പ്രദേശില്‍ 33 ശതമാനം സൗജന്യ റേഷന്‍ ഭക്ഷ്യധാന്യങ്ങളും ഗുണഭോക്താക്കളില്‍ എത്തുന്നില്ലെന്ന് ദി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്സ് റിലേഷന്‍സ് (ഐസിആര്‍ഐഇആര്‍) നടത്തിയ പഠനത്തില്‍ പറയുന്നു. ഗുജറാത്ത്, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കല്യാണ്‍ യോജന പദ്ധതിയിലെ റേഷന്‍ സാധനങ്ങള്‍ അപ്രത്യക്ഷമാകുന്നതുള്‍പ്പെടെ കൊടിയ അഴിമതിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. റേഷന്‍ ധാന്യങ്ങളുടെ ചോര്‍ച്ച കാരണം പ്രതിവര്‍ഷം 69,000 കോടി രൂപയുടെ ഭീമമായ നഷ്ടം സംഭവിക്കുന്നുണ്ട്. 

2022 ഓഗസ്റ്റ് മുതല്‍ 2023 ജൂലൈ വരെ വിതരണം ചെയ്യേണ്ട 71 ദശലക്ഷം ടണ്‍ റേഷന്‍ ഉല്പന്നങ്ങളാണ് കാണാതായത്. 17 ദശലക്ഷം ടണ്‍ ഗോതമ്പും മൂന്നു ദശലക്ഷം ടണ്‍ അരിയും നഷ്ടപ്പെട്ടു. 69,108 കോടി മൂല്യമുള്ള ഉല്പന്നങ്ങളാണ് അപ്രത്യക്ഷമായത്. ഗോഡൗണില്‍ നിന്ന് കയറ്റിറക്ക് നടത്തുന്ന അവസരത്തിലാണ് ഭക്ഷ്യധാന്യം ചോരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 

അതേസമയം ബംഗാള്‍, ബിഹാര്‍ സര്‍ക്കാരുകള്‍ ചോര്‍ച്ച പരിഹരിക്കുന്നതില്‍ കാര്യമായ നേട്ടം കൈവരിച്ചു. 2011–12ല്‍ യഥാക്രമം 68.7, 69.4 ശതമാനമായിരുന്നു ഇരു സംസ്ഥാനങ്ങളിലും റേഷന്‍ ചോര്‍ച്ച. 2022–23ല്‍ ഇത് യഥാക്രമം 19.2, ഒമ്പത് ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. ഭക്ഷ്യധാന്യത്തിന്റെ വില നേരിട്ട് ഗുണഭോക്താവിന് നല്‍കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) പദ്ധതി വിജയകരമായി നടപ്പാക്കാമെന്ന കേന്ദ്ര വാഗ്ദാനം നിലനില്‍ക്കേയാണ് സൗജന്യ റേഷന്‍ വിതരണവും ബിജെപി ധനസമ്പാദത്തിനുള്ള മാര്‍ഗമായി സ്വീകരിച്ചത്. രാജ്യത്തെ പൊതുവിതരണ സമ്പ്രദായത്തെ മൂച്ചൂടും നശിപ്പിച്ച് പൗരന്‍മാരെ പട്ടിണിക്കോലങ്ങളായി മാറ്റിയ മോഡി സര്‍ക്കാരിന്റെ തലതിരിഞ്ഞ നയമാണ് റേഷന്‍ ചോര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് ഐസിആര്‍ഐഇആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യധാന്യ ചോര്‍ച്ചയുടെ മറവില്‍ റേഷന്‍ സാധനങ്ങള്‍ ഗോഡൗണില്‍ നിന്ന് കടത്തുന്ന മാഫിയ ബിജെപി സംസ്ഥാനങ്ങളില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് സൗജന്യ റേഷന്‍ വിതരണവും അഴിമതിയുടെ വിളനിലമാക്കാന്‍ ബിജെപി സര്‍ക്കാരുകള്‍ കരുതിക്കൂട്ടി ശ്രമിക്കുന്ന വാര്‍ത്ത സ്ഥീരികരിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

Exit mobile version