86. 82 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പൈനാവ് താന്നിക്കണ്ടം- മണിയാറന്‍കുടി ‑അശോകക്കവല റോഡില്‍ താന്നിക്കണ്ടം ഭാഗത്തു കുറേഭാഗം നന്നാക്കാത്തതില്‍ വ്യാപക പ്രതിഷേധം. 2020‑ല്‍ നിര്‍മ്മാണമാരംഭിച്ചെങ്കിലും 2023 ലാണ് നിര്‍മ്മാണം പുര്‍ത്തിയാക്കിയത്. ഈ പ്രദേശത്തെ താമസക്കാര്‍ക്കും യാത്രക്കാര്‍ക്കും വളരെ പ്രയോജനമുള്ള റോഡിന് 21 കിലോമീറ്റര്‍ ദൂരമാണുള്ളത്. പൈനാവില്‍ നിന്നും ആറു കിലോമീറ്റര്‍ കഴിഞ്ഞുള്ള കുറേഭാഗം പുനര്‍ നിര്‍മ്മിക്കാതെ കിടക്കുന്നതിനാല്‍ പഴയ ടാറിംഗ് പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്.
ദിവസസേന നൂറുകണക്കിനു യാത്രക്കാരും വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. മണിയാറന്‍കുടിയില്‍ നിന്നും ഏറ്റെവും എളുപ്പത്തില്‍ ജില്ലാ സ്ഥാനത്തേക്ക് എത്താന്‍പറ്റുന്ന ഈ റോഡില്‍ കുറേഭാഗം നന്നാക്കാത്തതിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല. കരാറുകാരന്‍ പണി പൂര്‍ത്തിയാക്കി ബില്ലുമാറി പോവുകയും ചെയ്തു. റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു നല്‍കുന്നതു സംബന്ധിച്ച് കേസുള്ളതിനാലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതെന്ന് അധികൃതര്‍ പറയുന്നു. അതിനാല്‍ കേസ് ഒത്തുതീര്‍പ്പാക്കി റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.