Site iconSite icon Janayugom Online

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും പ്രതിപക്ഷം പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തു:നിതിൻ ഗഡ്കരി

പ്രതിപക്ഷം പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. തനിക്ക് അത്തരം ആഗ്രഹങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവിലായിരുന്നു ഗഡ്കരിയുടെ പരാമർശം. തനിക്ക് പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തപ്പോൾ താൻ തന്നെ ആ സ്ഥാനത്ത് എത്തണമെന്ന് എന്താണ് ഇത്ര നിർബന്ധമെന്നാണ് പ്രതിപക്ഷ നേതാക്കളോട് ചോദിച്ചത്. എന്തുകൊണ്ട് നിങ്ങൾ മോഡിയെ പിന്തുക്കുന്നില്ലെന്ന് പ്രതിപക്ഷത്തോട് ചോദിച്ചു. പ്രധാനമന്ത്രിയാവുകയെന്നത് തന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും തനിക്ക് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് പ്രധാനമന്ത്രിപദം വാഗ്ദാനം​ ചെയ്തിരുന്നുവെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. മോഡി രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച് മറ്റൊരാളെ പ്രധാനമന്ത്രിയാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് താൻ എന്തായാലും ആ പദത്തിന് വേണ്ടിയുള്ള പോരാട്ടത്തിലല്ലെന്നായിരുന്നു ഗഡ്കരിയുടെ മറുപടി. ”താൻ തന്റെ ജോലി ചെയ്യുന്നുണ്ട്, അതിൽ സന്തോഷവാനാണ്. പാർട്ടിയുടേയും ആർഎസ്എസിന്റേയും അംഗമാണ്. മന്ത്രിയായില്ലെങ്കിലും തനിക്കൊരു പ്രശ്നവുമില്ല. രാഷ്ട്രീയം സാമൂഹിക‑സാമ്പത്തിക മാറ്റത്തിനുള്ള ഒരു ഉപകരണമാണ്”- നിതിൻ ഗഡ്കരി പറഞ്ഞു.
നരേന്ദ്രമോഡിയുടെ പിൻഗാമിയായി പ്രധാനമന്ത്രിയാകാൻ ഏറ്റവും അനുയോജ്യനായ മൂന്നാമത്തെ നേതാവാണ് ഗഡ്കരിയെന്ന് ഈ വർഷം ഫെബ്രുവരിയിൽ മൂഡ് ഓഫ് ദ നേഷൻ എന്ന തലക്കെട്ടിൽ ഇന്ത്യാ ടുഡേ നടത്തിയ സർവേയിൽ വെളിപ്പെടുത്തിയിരുന്നു . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പിന്നാലെയാണ് സർവേയിൽ ഗഡ്ഗരിയുടെ പേര് പരാമർശിച്ചത്.

Exit mobile version