കാലവര്‍ഷത്തിനിടയിലും പഴങ്ങളുടെ വില ഉയര്‍ന്ന നിലയില്‍. മഴക്കാലം ആരംഭിക്കുന്നതോടെ പഴം വിപണി കുത്തനെ ഇടിഞ്ഞു തുടങ്ങുന്നതാണ് പതിവ്. എന്നാല്‍ ഇക്കുറി കാലവര്‍ഷം പെയ്യാന്‍ മടിച്ചതോടെ പഴങ്ങളുടെ വില കുതിച്ചുയരുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. കർണാടക, ബംഗളുരു, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് പഴങ്ങൾ വിപണിയിൽ എത്തിക്കുന്നത്. സീസൺ അനുസരിച്ചുള്ള റംബുട്ടാൻ, ഞാവൽപ്പഴം, ഈന്തപ്പഴം എന്നിവയുടെ വഴിയോര, വാഹന കച്ചവടം ആരംഭിച്ചിട്ടുണ്ട്.
ഓറഞ്ചിനാണ് ഇപ്പോഴും ആവശ്യക്കാർ ഏറെ. എന്നാൽ, ഓറഞ്ച് സീസൺ അല്ലാത്തതിനാൽ വിപണിയിൽ നാടൻ ഓറഞ്ച് കണികാണാനില്ല. പുളിയേറിയ മറുനാടന്‍ ഓറഞ്ചാണ് നിലവില്‍ വിപണിയിലുള്ളത്. പൊളിച്ചെടുക്കാൻ സാധിക്കാത്തവയാണിത്. 140 രൂപയാണ് ഇതിന് വില.
ഇറക്കുമതി ചെയ്യുന്നതിനാല്‍ ആപ്പിളിനും തീപിടിച്ച വിലയാണ്. ഇറാൻ ആപ്പിളിന് 220 രൂപയും ഗ്രീൻ ആപ്പിളിന് 240 രൂപയുമാണ് വില. പേരയ്ക്ക തായ്‌ലാൻഡ് ഇനം മാത്രമാണുള്ളത്. 120 രൂപയാണ് വില. വിത്തില്ലാത്ത മുന്തിരിയും വിപണിയിൽ ഇല്ല. 80 രൂപയുള്ള പച്ചമുന്തിരിയും 80 രൂപ വില വരുന്ന കറുത്ത മുന്തിരി, മുന്തിരി റോസ് എന്നിവയാണ് നിലവിലുളളത്.
മാങ്ങയുടെ സീസൺ ആണെങ്കിലും മാങ്ങയ്ക്കും വില കൂടുതലാണ്. നീലം മാങ്ങ 80, സിന്ദൂരം 80, മല്ലിക 100, ജംഗിൾ വരിക്ക 120, സേലം മാങ്ങ 35 എന്നിങ്ങനെയാണ് വില. പേരയ്ക്ക മാങ്ങ കിട്ടാനില്ല. സപ്പോട്ടയ്ക്ക് 80 രൂപയാണ് വില. ഏത്തയ്ക്ക 70, പാളയം കോടൻ 40, ഞാലിപൂവൻ 80, പൂവൻ പഴം 50 എന്നിങ്ങനെയാണ് വില. അതേസമയം ഏറെ ചൂടുള്ള കാലാവസ്ഥയല്ലാത്തതിനാൽ തണ്ണിമത്തന്‍ വിപണിയിൽ നിന്നും പുറത്തായി. കിരൺ ഇനത്തിലുള്ള തണ്ണിമത്തൻ മാത്രമാണ് വിപണിയിൽ ലഭിക്കുന്നത്. കിലോയ്ക്ക് 20 രൂപയാണ് ഇവയുടെ വില.
english summary; Even during the monsoon season, the prices of fruits go up
you may also like this video;