ഇന്ത്യൻ സമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടമായ പുന്നപ്ര- വയലാർ സമരം പോലും ഭാവിയിൽ മോഡി സർക്കാർ തിരുത്തുന്ന സാഹചര്യമുണ്ടാകുമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രൻ പറഞ്ഞു. 78-ാ മത് മേനാശ്ശേരി രക്തസാക്ഷി വാര്‍ഷിക വാരാചരണത്തിന്റെ ഭാഗമായി പൊന്നാംവെളിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയെ കൊന്ന ചരിത്രം പോലും മോഡി സർക്കാർ തിരുത്തിക്കുറിച്ചിട്ടുണ്ട്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം നടന്ന വയനാട്ടിലെ ജനങ്ങളുടെ കണ്ണീര് കണ്ട് മടങ്ങിയിട്ട് പോലും ഒരു രൂപയുടെ സഹായം പോലും നൽകാത്ത മനസ്സാണ് മോഡിയുടെത്. ഇപ്പോൾ കേരള സർക്കാരിനെ നശിപ്പിക്കുന്നതിനായി പ്രതിപക്ഷത്തെ പോലും കൂട്ടുപിടിച്ചിരിക്കുകയാണ് മോഡിയും കൂട്ടരുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി കെ രാമനാഥൻ സ്വാഗതം പറഞ്ഞു. മന്ത്രി പി പ്രസാദ്, സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, സിപിഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറി എം സി സിദ്ധാർത്ഥൻ, എ എം ആരിഫ്, പി കെ സാബു, ആർ പൊന്നപ്പൻ, എൻ പി ഷിബു, കെ ജി പ്രിയദർശനൻ, പി ഡി ബിജു, ടി എം ഷെരീഫ്, എസ് പി സുമേഷ് എന്നിവർ സംസാരിച്ചു.