Site iconSite icon Janayugom Online

ഒരു കളി പോലും ജയിക്കരുതെന്ന് സ്വന്തം ജനത പോലും ആഗ്രഹിച്ചു; ഇപ്പോള്‍ ആ പതിനൊന്ന് പേരും ദേശീയ നായകര്‍

ലോകകപ്പ് ഫുട്ബോളില്‍ മത്സരിക്കുന്ന 32 രാജ്യങ്ങള്‍ക്കും കുറഞ്ഞ പക്ഷം തങ്ങളുടെ രാജ്യത്തെയെങ്കിലും ആരാധകരുടെ പിന്തുണയുണ്ടാകും. ചില ടീമുകള്‍ക്ക് ലോകത്തെ എല്ലാ രാജ്യങ്ങളിലും ആരാധകരും കാണും. എന്നാല്‍ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് സ്വന്തം ജനത പോലും തോക്കണമെന്ന് ആഗ്രഹിച്ച ഒരേയൊരു ടീമേ ഇന്നുവരെ ലോകത്ത് ഉണ്ടായിട്ടുണ്ടാകൂ. അതാണ് ഇറാൻ.

രണ്ട് മാസമായി രാജ്യവ്യാപകമായി കത്തിപ്പടരുന്ന പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് ഇറാൻ ടീം ലോകകപ്പിന് ബൂട്ടണിഞ്ഞത്. സെപ്തംബര്‍ 16ന് മഹ്സ അമിനി എന്ന 22കാരി സദാചാര പോലീസിന്റെ കസ്റ്റ‍ഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാനില്‍ പ്രക്ഷോഭം ആരംഭിച്ചത്. അത് പിന്നീട് സ്ത്രീ സ്വാതന്ത്ര്യത്തിനുള്ള പ്രക്ഷോഭമായി മാറുകയും ചെയ്തു. തലയിലെ തട്ടം മാറ്റിയതിനും മുടി പ്രദര്‍ശിപ്പിച്ചതിനും മര്‍ദ്ദിക്കപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും കൊല്ലപ്പെടുക പോലും ചെയ്യുന്ന ഇറാന്റെ കിരാത മുഖമാണ് ഇതോടെ പുറത്തുവന്നു. പ്രക്ഷോഭത്തില്‍ ഇതുവരെ 400 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് ഒസ്ലോ ആസ്ഥാനമായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് വെളിപ്പെടുത്തുന്നത്. 

ഇറാൻ ടീം ലോകകപ്പില്‍ തോല്‍ക്കണമെന്നാണ് തങ്ങള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഇറാനിയൻ ആക്ടിവിസ്റ്റ് മസി അലിനെജാദ് വെളിപ്പെടുത്തിയിരുന്നു. “തങ്ങളുടെ ദേശീയ ടീം ലോകകപ്പില്‍ തോല്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ലോകകപ്പിലെ ഒരേയൊരു രാജ്യം ഇറാന്‍ മാത്രമാകും കാരണം അവര്‍ ജനങ്ങളെയല്ല ഭരണകൂടത്തെയാണ് റെപ്രസന്റ് ചെയ്യുന്നത്. സ്വാതന്ത്ര്യവും അന്തസും ആവശ്യപ്പെടുന്നതിന് പ്രതിഷേധക്കാര്‍ കൊല്ലപ്പെടുന്ന തെരുവുകളില്‍ ഞങ്ങളുടെ ജനത വിജയിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.” എന്നായിരുന്നു അലിനെജാദിന്റെ ട്വീറ്റ്. ഇറാന്‍ തെരുവുകളിലെ ക്ഷോഭിക്കുന്ന വനിതകളുടെ അന്താരാഷ്ട്ര മുഖവും ശബ്ദവുമാണ് അവര്‍. കഴിഞ്ഞ ദിവസവും പരസ്യമായി തട്ടം മാറ്റിയതിന് ഒരു പ്രമുഖ ഇറാനിയൻ നടി അറസ്റ്റിലായിരുന്നു. ഈ സാഹചര്യത്തിലാണ് അലിനെജാദ് ഇങ്ങനെ പറഞ്ഞത്.

എന്നാല്‍ ഇന്നലെ ഇംഗ്ലണ്ടിനെതിരായ ഇറാന്റെ ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് കഥ മാറി. തങ്ങളുടെ രാജ്യത്തെ വനിതാ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ ടീമംഗങ്ങള്‍ മത്സരത്തിന് മുന്നോടിയായുള്ള ദേശീയ ഗാനാലാപനത്തിന് തയ്യാറാകാതെ വന്നതോടെയായിരുന്നു അത്. ഖലീഫ സ്റ്റേഡിയത്തില്‍ ഇറാന്റെ ദേശീയ ഗാനം ഉയര്‍ന്നെങ്കിലും കളിക്കാരാരും അത് ഏറ്റുചൊല്ലാൻ തയ്യാറായില്ല. ചുണ്ടുകള്‍ പൂട്ടി അവര്‍ നിശബ്ദരായി നിന്നു. അതേസമയം തന്നെ കാണികള്‍ക്കിടയില്‍ “ഇറാന് സ്വാതന്ത്ര്യം വേണം”, “സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം” എന്നിങ്ങനെയെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയരുകയും ചെയ്തു. 

ലോകത്തിലെ ഏറ്റവും വലിയ വേദിയില്‍ തങ്ങളുടെ ജനങ്ങളുടെ പ്രതിഷേധം എത്തിച്ച ടീം മെല്ലിയിലെ അംഗങ്ങള്‍ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. “ഇതാണ് ധൈര്യം. ലോകത്തിലെ ഏറ്റവും വലിയ വേദിയില്‍ ദേശീയഗാനം ആലപിക്കാൻ ഇറാനിയന്‍ ഫുട്ബോള്‍ ടീം തയ്യാറായില്ല. പതിനൊന്ന് പേര്‍ തോളോട് തോള്‍ ചേര്‍ന്ന് ഒരു വാക്ക് പോലും പറയാതെ ഒരു സന്ദേശം നല്‍കിയിരിക്കുന്നു.” ഒരാള്‍ ട്വീറ്റ് ചെയ്തു.

“മഞ്ഞ കാര്‍ഡ് ലഭിക്കുമെന്ന് പേടിച്ച് ഒരു ആം ബാൻഡ് ധരിക്കാൻ ഇംഗ്ലണ്ട് ടീമിന് സാധിച്ചില്ലെങ്കിലും ദേശീയഗാനം എന്ന് വിളിക്കപ്പെടുന്ന പാട്ട് പാടാൻ ഇറാൻ കളിക്കാര്‍ വിസമ്മതിച്ചു. ഇവരാണ് നായകര്‍. ധീരന്മാര്‍, ചുണക്കുട്ടികള്‍.” മറ്റൊരാള്‍ പറഞ്ഞു. 

കിക്കോഫിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ടീം ബ്ലാക്ക് ലൈവ്സ് മൂവ്മെന്റിന്റെ ഭാഗമായി കാല്‍മുട്ടില്‍ നിന്ന് വംശീയ വിരുദ്ധ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ അനുമതിയില്ലാത്ത ആം ബാന്‍ഡുകള്‍ ധരിച്ചാല്‍ ക്യാപ്റ്റന് മഞ്ഞ കാര്‍ഡ് ലഭിക്കുമെന്നതിനാല്‍ അവസാന നിമിഷം അവര്‍ ‘വണ്‍ ലൗവ്’ ആം ബാന്‍ഡ് ധരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇറാന്‍ ടീമിനുണ്ടായ ധൈര്യം പോലും ഇംഗ്ലണ്ട് ടീമിനില്ലാതെ പോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇറാനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

 

Eng­lish Sum­mery: Even their own peo­ple want­ed not to win a sin­gle game; Now those eleven men are nation­al heroes

You may also like this video

Exit mobile version